പ്രതിപക്ഷ സഖ്യം ‘ത്രിശങ്കുവിൽ’ പരസ്പരം വിശ്വാസമില്ല, ബി.ജെ.പിയുടെ ‘വലയിൽ’ നേതാക്കൾ വീണെന്ന് !

ജി20 ഉച്ചകോടി സമാപിച്ചതോടെ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന്റെ വിശ്വാസ്യതയും കെട്ടുറപ്പുമാണ് ഇപ്പോൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. ജി20 ഉച്ചകോടിയിലെ രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കളായ മമത ബാനർജിയും എം.കെ സ്റ്റാലിനും പങ്കെടുത്തതാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഈ നടപടി പ്രതിപക്ഷ സഖ്യത്തിലും കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം കോൺഗ്രസ്സ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

“ക്ഷണം കിട്ടിയ ഉടന്‍ മമത ബാനര്‍ജി ദല്‍ഹിക്കു തിരിച്ചെന്ന” പരിഹാസമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിരുന്നില്‍ മമത പങ്കെടുത്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലായിരുന്നെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിട്ടുണ്ട്. കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്.

അതേ സമയം മമതയെ വിമർശിച്ച ഭാഷയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിക്കാൻ കോൺഗ്രസ്സ് തയ്യാറായിട്ടില്ലന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ എന്നിവരോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് താൻ വിരുന്നിൽ പങ്കെടുത്ത വിവരം സ്റ്റാലിൻ പരസ്യമാക്കിയിരുന്നത്. ദക്ഷിണേന്ത്യയിൽ നിന്നും ഈ വിരുന്നിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയും എം.കെ സ്റ്റാലിനാണ്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും കേരള മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയും വിട്ടുനിന്നപ്പോഴാണ് വിരുന്നിൽ പങ്കെടുത്ത് സ്റ്റാലിൻ തിളങ്ങിയിരുന്നത്.

സനാതന ധർമ പരാമർഷവുമായി ബന്ധപ്പെട്ട് സംഘപരിവാറുമായി നടത്തുന്ന ഏറ്റുമുട്ടലിനിടയിലും, വിരുന്നിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെ കടുത്ത സ്റ്റാലിൻ വിമർശകർ പോലും അഭിനന്ദിച്ചതും വേറിട്ട കാഴ്ചയായിരുന്നു. രാഷ്ട്രതലവൻമാർക്കു നൽകിയ അത്തിയവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തതിൽ അസ്വാഭാവികത കാണേണ്ടതില്ലന്നു പറയുമ്പോഴും ഒരു യാഥാർത്ഥ്യം എന്തായാലും നാം കാണാതെ പോകരുത്. ഈ രണ്ട് നേതാക്കളും പ്രതിനിധീകരിക്കുന്ന പാർട്ടികൾ മുൻപ് വാജ്പേയി നേതൃത്വം നൽകിയ ബി.ജെ.പി സർക്കാറിലും പങ്കാളികളായിരുന്നു എന്നതാണത്. ബി.ജെ.പി എന്ന പാർട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂൽ കോൺഗ്രസ്സിനും ഇല്ലന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

ബി.ജെ.പിയെ ഡി.എം.കെയും തൃണമൂൽ കോൺഗ്രസ്സും എതിർക്കുന്നത് തന്നെ ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താനാണ്. ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതേ എതിർപ്പ് അവർ തുടരുമോ എന്നതും കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. സമാനമായ അവസ്ഥയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡിയുവിനും ഉള്ളത്. നിതീഷ് കുമാർ എൻ.ഡി.എ വിട്ടത് പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും എതിർപ്പു മുൻനിർത്തി ആയിരുന്നില്ല. അധികാര തർക്കം തന്നെ ആയിരുന്നു മൂലകാരണം.

പ്രതിപക്ഷത്തെ മറ്റൊരു പ്രമുഖ പാർട്ടിയായ എൻ.സി.പിയുടെ പ്രബല വിഭാഗമാകട്ടെ ഇപ്പോൾ തന്നെ എൻഡിഎക്ക് ഒപ്പമാണുള്ളത്. അവശേഷിക്കുന്ന വിഭാഗം ശരദ് പവാറിന്റെ നേതൃത്വത്തിൽ എപ്പോൾ വേണമെങ്കിലും കൂട് മാറാമെന്നതാണ് നിലവിലെ അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവം മാത്രമായി ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാർ അത്തായ വിരുന്നിൽ പങ്കെടുത്ത നടപടിയെയും കാണാൻ കഴിയുകയില്ല. ഇവിടെയും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന പരിവാർ അജണ്ടയാണ് വിജയിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കിൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് ഭയക്കേണ്ടതില്ല. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലങ്കിൽ വരുന്ന തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി തന്നെ ആയിരിക്കും.അത്തരമൊരു സാഹചര്യത്തിൽ സർക്കാർ ഉണ്ടാക്കാൻ രാഷ്ട്രപതി ആദ്യം വിളിക്കുന്നതും നരേന്ദ്ര മോദിയെ ആയിരിക്കും. ഇവിടെയാണ് പഴയ എൻ.ഡി.എ സഖ്യകക്ഷികളുടെ ഉൾപ്പെടെ നിലപാടും നിർണ്ണായകമാവുക.

ഇതുവരെ ഒരു കൺവീനറെ പോലും കണ്ടെത്താൻ കഴിയാത്ത ഇന്ത്യാ സഖ്യത്തിന് യോജിച്ച ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ട് വയ്ക്കാനും കഴിയണമെന്നില്ല. അധികാര തർക്കത്തിനും തമ്മിലടിക്കും ഏറ്റവും കൂടുതൽ സാധ്യതയുള്ളതും പ്രതിപക്ഷ ചേരിയിൽ തന്നെയാണ്. ഇതെല്ലാം തന്നെ ബി.ജെ.പിക്ക് പ്രതീക്ഷകൾ നൽകുന്ന ഘടകങ്ങളാണ്. പ്രതിപക്ഷ പാർട്ടികളായ വൈ.എസ്.ആർ കോൺഗ്രസ്സിന്റെയും ബിജു ജനതാദളിന്റെയും പിന്തുണയും നരേന്ദ്ര മോദിക്ക് തന്നെയാണ് ലഭിക്കുക. ഈ കൂട്ടത്തിലേക്ക് ഡി.എം.കെയും തൃണമൂൽ കോൺഗ്രസ്സും ചാടുമോ എന്ന ഭയമാണ് കോൺഗ്രസ്സ് നേതൃത്വത്തിന്നുള്ളത്. അവരത് പരസ്യമായി തുറന്നുപറയുന്നില്ലന്നു മാത്രം.

ഈ ആശങ്കകൂടി മുൻ നിർത്തിയാണ് മമത ബാനർജിയെ വിമർശിക്കാൻ കോൺഗ്രസ്സ് നേതൃത്വം ഇപ്പോൾ തയ്യാറായിരിക്കുന്നത്. ലോകസഭയിലെ പ്രതിപക്ഷ നേതാവിനെ രാഷ്ട്രപതിയുടെ വിരുന്നിന് ക്ഷണിക്കാതിരുന്നതിനു പിന്നിലെ രാഷ്ട്രീയം മമതയും സ്റ്റാലിനും തിരിച്ചറിഞ്ഞില്ലേ എന്നതാണ് കോൺഗ്രസ്സ് ഉയർത്തുന്ന ചോദ്യം. എന്നാൽ ഈ ചോദ്യത്തെ കോൺഗ്രസ്സ് നേതാവായ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ്സ് നേതൃത്വം തിരിച്ചടിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയുടെ വിജയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂർ എം.പി രംഗത്ത് വന്നതും കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

“സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് രാജ്യത്തിന്റെ വലിയ നയതന്ത്ര വിജയമാണെന്നാണ് തരൂർ അഭിപ്രായപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായ തരൂർ നേതൃത്വവുമായി യാതൊരു കൂടിയാലോചനയും നടത്താതെ കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ചതിൽ ,കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവർത്തക സമിതി അംഗങ്ങൾ പാർട്ടിയോട് ആലോചിക്കാതെ ഇത്തരം പ്രതികരണങ്ങൾ തുടർന്നാൽ അത് ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്…

EXPRESS KERALA VIEW

Top