പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം; മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കിയുളള പ്രതിപക്ഷമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

”കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് ആ രീതിയിലാണ് നേരിടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മമതയുടേത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള ശ്രമമാണ്”. കോണ്‍ഗ്രസിന് 20 % വോട്ടും ടി എം സിക്ക് 4 % വോട്ടുമാണുള്ളതെന്നിരിക്കെ കോണ്‍ഗ്രസ് ഇല്ലാതെ മോദിക്കെതിരെ പോരാടാന്‍ മമതയ്ക്ക് ആകുമോയെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

പശ്ചിമബംഗാളിലെ വന്‍ വിജയത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് ബദലാകാനാണ് മമത ശ്രമിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് മമത മെനയുന്നത്. കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ് മമത ബാനര്‍ജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.

മമതയുടെ നീക്കങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കണ്ട കോണ്‍ഗ്രസ്, യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമര്‍ശത്തോടെയാണ് തിരിച്ചടിച്ച് തുടങ്ങിയത്.

Top