കേന്ദ്ര-ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ; ‘ഭാരത് ബച്ചാവോ’ റാലി ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. രാംലീല മൈതാനത്ത് ഇന്ന് ഭാരത് ബച്ചാവോ റാലി നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേർ റാലിയിൽ പങ്കാളികളാകും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക. നേതാക്കളായ അഹമ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, അവിനാശ് പാണ്ഡെ തുടങ്ങിയവരും പങ്കെടുക്കും.

പൌരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി.

കേരളം അടക്കം എല്ലാ പി.സി.സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ റാലിക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലയുടെ തകര്‍ച്ച ആരംഭിച്ചപ്പോള്‍ നിശ്ചയിച്ച മഹാറാലി നിയമസഭ തെരഞ്ഞെടുപ്പുകള്‍, വന്നതോടെ നീണ്ടുപോവുകയായിരുന്നു.

Top