Congress A group ready for fight to against Ramesh Chennithala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കുമൊപ്പം കെപിസിസി പ്രസിഡന്റ് വി.എം സുധീരനും കൂടി മത്സരിക്കുമെന്ന് ഉറപ്പായിരിക്കെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ‘കടുംകൈ’ക്ക് മുതിരുമെന്ന അഭ്യൂഹം ശക്തമാകുന്നു.

കളങ്കിതര്‍ മത്സരിക്കണമോയെന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് ഇപ്പോള്‍ ഇത്തരമൊരു വിലയിരുത്തലിന് രാഷ്ട്രീയ നിരീക്ഷകരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ നീക്കമെന്നതിനാല്‍ എ ഗ്രൂപ്പ് നേതാക്കള്‍ ക്ഷുഭിതരാണ്. ഹൈക്കമാന്റുമായുള്ള ചര്‍ച്ച തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചെന്നിത്തല ‘വെടിപൊട്ടിച്ചത്’ യുഡിഎഫ് നേതാക്കളെ പോലും ഞെട്ടിച്ചിട്ടുണ്ട്.

ഭരണ തുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ മൂന്നുനേതാക്കളും മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുണ്ടാകുമെന്നതിനാല്‍ ‘എതിരാളിയെ’ മുളയിലേ നുള്ളിക്കളയാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ പദ്ധതി തയ്യാറാക്കുമെന്ന് തന്നെയാണ് രഹസ്യവിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരാജയപ്പെടുത്താന്‍ പാളയത്തില്‍ എത്ര വലിയ പാരവയ്പ്പ് നടത്തിയാലും നടക്കില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം വ്യത്യസ്തമാണ്.

മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍, ആലപ്പുഴ, ജില്ലകളിലെ സുരക്ഷിത മണ്ഡലം തന്നെ വി.എം സുധീരന്‍ തിരഞ്ഞെടുത്തേക്കും. പൊതു സമൂഹത്തിലുള്ള പ്രതിച്ഛായ സുധീരന് വിജയപ്രതീക്ഷ നല്‍കുന്നതാണെങ്കിലും എ-ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പാലം വലിച്ചാല്‍ സുധീരന്റെ നിലയും പരുങ്ങലിലാകും.

ഹരിപ്പാട് നിന്ന് വീണ്ടും അങ്കത്തിനൊരുങ്ങി മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതായിപ്പോയെന്ന അഭിപ്രായം ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലുമുണ്ട്.

കേരള കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമൊന്നും ഹരിപ്പാട് ഇല്ലെങ്കിലും മാണിയെ കുരുക്കിയതിന് തങ്ങളാല്‍ കഴിയുന്ന രൂപത്തില്‍ ‘പണി’ കൊടുക്കാനാണ് മാണി വിഭാഗത്തിന്റെയും നീക്കം. മുഖ്യമന്ത്രിക്കസേര ഉറപ്പാക്കാന്‍ ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എ മാരുടെ തലയെണ്ണല്‍ നിര്‍ണ്ണായകമായതിനാല്‍ എതിര്‍ ഗ്രൂപ്പുകാരുടെ മണ്ഡലങ്ങളില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ‘ഇടപെടല്‍’ നടത്താനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.

ഈ യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ നേരിട്ട് ബോധ്യപ്പെട്ടതിനാലാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് അദ്ദേഹം തന്നെ പാര്‍ട്ടി നേതൃയോഗത്തില്‍ വ്യക്തമാക്കിയത്.

ഗ്രൂപ്പ് അതിപ്രസരണത്തിന് കടുത്ത നിയന്ത്രണം കെപിസിസിയും എഐസിസിയും ഇതിനകം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയിലൂടെ കിട്ടുന്ന ‘പണിക്ക് ‘ എങ്ങനെ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ നേതൃത്വത്തിന് തന്നെ ധാരണയില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച എം.പി വീരേന്ദ്ര കുമാറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ക്ക് പ്രചോദനവുമാകും.

വിവാദ പരാമര്‍ശത്തിന് പുറമെ ബാര്‍കോഴക്കേസ്, സോളാര്‍ വിവാദം, എന്നിവയിലും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകളിലും ‘ഐ’ വിഭാഗത്തിന്റെ നീക്കങ്ങളിലും രോഷാകുലരായി നില്‍ക്കുന്ന എ വിഭാഗം ഹരിപ്പാട് കാണാമെന്ന നിലപാടിലാണത്രെ.

കോണ്‍ഗ്രസില്‍ ഏറ്റവും അധികം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പിന്‍തുണ എ വിഭാഗത്തിനായതിനാല്‍ ചെന്നിത്തലക്കെതിരായ നിലപാട് രഹസ്യമായാണെങ്കില്‍ പോലും ഗ്രൂപ്പ് നേതൃത്വമെടുത്താല്‍ അത് വലിയ പ്രത്യാഘാതത്തിന് തന്നെ ഇടയാക്കും.

Top