മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനം, കുഴൽനാടന്റെ നീക്കം അപ്രതീക്ഷിതം

തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ വ്യക്തിപരമായി ഏറെ ടാര്‍ഗറ്റ് ചെയ്യപ്പെട്ട നേതാവാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ബേപ്പൂരില്‍ തുടങ്ങിയ ഈ കടന്നാക്രമണം നിയമസഭയിലും വ്യാപകമായാണ് പ്രകടമായിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സ് എം.എല്‍.എമാരായ കെ.ബാബുവും പി.ടി തോമസുമാണ് പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇവരെല്ലാം മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ ആയി മാത്രം കാണാനാണ് ആഗ്രഹിക്കുന്നത്. റിയാസിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുക എന്നതു തന്നെയാണ് തന്ത്രം.”മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നതായിരുന്നു സഭയിലെ ബാബുവിന്റെ പരിഹാസം. പി.ടി തോമസും മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് എന്ന പരിഗണനയായാണ് റിയാസിന്റെ മന്ത്രിപദവിയെ ചിത്രീകരിച്ചിരിക്കുന്നത്.

റിയാസിനെ ”മിസ്റ്റര്‍ മരുമകനായി” മാത്രം കാണുന്ന ഈ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനായി മാറിയിരിക്കുന്നതിപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ്സ് എം.എല്‍.എ ആയ മാത്യു കുഴല്‍നാടനാണ്. രാഷ്ട്രീയ പക മാറ്റിവച്ച് റിയാസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനാണ് ഈ മൂവാറ്റുപുഴ എം.എല്‍.എ നിലവില്‍ ശ്രമിച്ചിരിക്കുന്നത്. ഈ പ്രതികരണമാവട്ടെ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തില്‍ ശോഭിക്കാനാകട്ടെയെന്ന് ആശംസിച്ച മാത്യു കുഴല്‍നാടന്‍ റിയാസുമായി മൂവാറ്റുപുഴയിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യവും സന്തോഷത്തോടെയാണ് പങ്കുവച്ചിരിക്കുന്നത്.

വളരെ തുറന്ന സമീപനമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും ദര്‍ശിക്കാനായതായും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍രാഷ്ട്രീയ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചും പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായെന്നും കുഴല്‍നാടന്‍ കുറിച്ചിട്ടുണ്ട്. പ്രതിപക്ഷ എം.എല്‍.എമാരെ കൂടി ചേര്‍ത്തു പിടിച്ച് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മാത്യു കുഴല്‍നടനെയും ആകര്‍ഷിച്ചിരിക്കുന്നത്.

മന്ത്രിയായി ചുമതല ഏറ്റ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് മുഹമ്മദ് റിയാസ് നടത്തിയിരിക്കുന്നത്. സാധാരണക്കാരുടെ ഒരു ഫോണ്‍ കോളില്‍ പോലും നടപടികള്‍ അതി വേഗത്തിലാണ് നടക്കുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഈ യുവ മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. അവ എണ്ണിയെണ്ണി പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ദീര്‍ഘവീക്ഷണത്തോടെയാണ് മന്ത്രി നീങ്ങുന്നതെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും മറിച്ചൊരു അഭിപ്രായമില്ല. മടിയന്‍മാര്‍ക്കും അഴിമതിക്കാര്‍ക്കും മാത്രമാണ് ചങ്കിടിപ്പുള്ളത്. ഏത് നിമിഷവും മന്ത്രി തന്നെ നേരിട്ട് സ്‌പോട്ടില്‍ എത്തുമെന്നതാണ് നിലവിലെ അവസ്ഥ.

റിയാസിനെ മന്ത്രിയാക്കിയിരുന്നില്ലങ്കില്‍ അത് വലിയ നഷ്ടമാകുമായിരുന്നു എന്ന നിലപാടിലേക്കാണ് എതിരാളികള്‍ പോലും ഇപ്പോള്‍ മാറിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തിയിലൂടെയാണ് റിയാസിപ്പോള്‍ മാസ് മറുപടി നല്‍കി കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്ന പൊതുമരാമത്ത് വകുപ്പിനെ അതില്‍ നിന്നും മോചിപ്പിച്ചത് മുന്‍ മന്ത്രി ജി.സുധാകരനാണ്. അദ്ദേഹത്തിന്റെ പാതയിലൂടെ തന്നെയാണ് റിയാസും മുന്നോട്ട് പോകുന്നത്. സുധാകരനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങി തന്നെയാണ് അദ്ദേഹവും തുടങ്ങിയിരിക്കുന്നത്. മന്ത്രി എന്ന നിലയില്‍ ആരെയും വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും റിയാസിന്റെ തുടക്കം വലിയ പ്രതീക്ഷയാണ് കേരളത്തിനു നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ സംബന്ധിച്ചും സി.പി.എമ്മിനെ സംബന്ധിച്ചും തീര്‍ച്ചയായും ഏറെ അഭിമാനിക്കാനും വകയുണ്ട്. കാരണം റിയാസിനെ മന്ത്രിയാക്കിയതാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നത്. മരുമകന് മുഖ്യമന്ത്രി കേരളം പതിച്ചു നല്‍കി എന്നു പോലും എതിരാളികള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നു. റിയാസ് ആരാണെന്നോ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നോ എന്നതൊക്കെ മറച്ചു വച്ചായിരുന്നു ഈ കുപ്രചരണം. തുടക്കത്തില്‍ ചില കുത്തക മാധ്യമങ്ങളും മന്ത്രി പദവി വിവാദമാക്കാന്‍ ശ്രമിച്ചെങ്കിലും റിയാസിന്റെ ചരിത്രം പുറത്തു വന്നതോടെ ആ നീക്കത്തില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്.

എട്ടാം ക്ലാസില്‍ എസ്.എഫ്.ഐ കൊടി പിടിച്ച് തുടങ്ങിയതാണ് റിയാസിന്റെ രാഷ്ട്രീയ ജീവിതം. പിതാവ് അബ്ദുള്‍ ഖാദര്‍, കണ്ണൂര്‍ എസ്.പി ആയിരുന്നപ്പോഴും കോഴിക്കോട് കമ്മീഷണര്‍ പദവിയിലിരിക്കുമ്പോഴും സമര മുഖത്തെ നിത്യ സാന്നിധ്യമായിരുന്നു ഈ യുവ പോരാളി. എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐയുടെയും യൂണിറ്റ് തലത്തില്‍ നിന്നാണ് റിയാസ് ഉയര്‍ന്നു വന്നിട്ടുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തോളം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും ഏറെ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. പൊലീസ് കമ്മീഷണറുടെ മകന്‍ പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുന്ന കാഴ്ച സിനിമകളില്‍ പോലും നാം കണ്ടിട്ടുണ്ടാകുകയില്ല. ആ കാഴ്ചയാണ് റിയാസിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഡി. വൈ. എഫ്. ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ വിവിധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ഡല്‍ഹി, മഹാരാഷ്ട്ര തമിഴ്‌നാട് , കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും റിയാസ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം നിരവധി കേസുകളില്‍ പ്രതിയുമാണ്. നാളെ മന്ത്രിയാകാന്‍ കഴിയും എന്ന പ്രതീക്ഷയിലല്ല റിയാസ് ഉള്‍പ്പെടെ ഒരു കമ്യൂണിസ്റ്റും ചെങ്കൊടി പിടിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ച് അതെല്ലാം പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകളില്‍ ഒന്നു മാത്രമാണ്. അധികാരം മനസ്സിനെ മയക്കുന്ന കറുപ്പായി കാണുന്നവര്‍ക്ക് ഇതൊന്നും തന്നെ പറഞ്ഞാല്‍ മനസ്സിലാകുകയില്ല. ഇനി മനസ്സിലായാലും അവരാരും അത് പരസ്യമായി അംഗീകരിക്കുകയുമില്ല. ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണത്.

ഇപ്പോഴും കാവിയെയല്ല ചെങ്കൊടിയെയാണ് കോണ്‍ഗ്രസ്സ് പ്രധാന ശത്രുവായി കാണുന്നത്. സി.പി.എമ്മും അതിന്റെ നേതാക്കളുമാണ് ഖദര്‍ ധാരികളെ സംബന്ധിച്ച് ഈ അവസ്ഥയിലും പ്രധാന എതിരാളി. കെ.ബാബുവിനും പി.ടി തോമസിനും മാത്രമല്ല ഇപ്പോള്‍ കെ.സുധാകരനും പ്രഖ്യാപിച്ചിരിക്കുന്നതും അതു തന്നെയാണ്. ഇത്തരക്കാരെ തിരുത്തേണ്ടത് മാത്യു കുഴല്‍നാടന്‍മാരെ പോലെയുള്ള ജനപ്രതിനിധികളുടെ കടമയാണ്. അതല്ലങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് ഇനിയും നേരിടേണ്ടിവരിക. ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.

express kerala view

Top