‘ഹൃദയം’ ടീമിന് ആശംസകളുമായി ചിരഞ്ജീവി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസകള്‍. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും’, എന്നാണ് ചിരഞ്ജീവി കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രമാണ് ഇത്.

42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രവുമാണ്.

 

Top