നൂറ് കോടി കടന്ന് വാക്സിന്‍; ചരിത്രമെഴുതി ഇന്ത്യ, അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: നൂറ് കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്ത ഇന്ത്യയ്ക്ക് അഭിനന്ദവുമായി ലോകാരോഗ്യ സംഘടന. വാക്സിന്‍ വിതരണത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യ നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

100 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സിന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകളുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വാക്സിന്‍ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് ഷാ ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്‌. 277 ദിവസം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Top