ബിവറേജ് ഷോപ്പുകളിലെ തിരക്ക്; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍കൂട്ടത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആള്‍കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ഷോപ്പുകള്‍ ഇതുവരെ എങ്ങനെയാണ് പിന്നെ പ്രവര്‍ത്തിച്ചതെന്നും കോടതി ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട് ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വീണ്ടും കോടതി വിമര്‍ശനം.

 

Top