ബലാത്സംഗ കേസ് ശബരിമല വിവാദം വഴിതിരിച്ചുവിടാനാണെന്ന് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ശബരിമല വിവാദം വഴിതിരിച്ചുവിടാനാണെന്ന് ആരോപണം.കോണ്‍ഗ്രസ്സ് നേതൃത്വമാണ് ഈ ആരോപണം ഉന്നയിക്കുന്നത്.ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാര്‍ മാധ്യമശ്രദ്ധ തിരിച്ച് വിട്ട് രക്ഷപ്പെടാനാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഢനത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു പേരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായതിനാല്‍ വിവാദം ദേശീയതലത്തില്‍ തന്നെ പടരാനാണ് സാധ്യത.രാഷ്ട്രീയ നിലനില്‍പ്പിനായി എന്ത് വൃത്തികെട്ട നടപടി സീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവുമെന്ന സൂചനയാണ് നേതാക്കള്‍ക്കെതിരായ കേസെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.

സര്‍ക്കാര്‍ നടപടികളെ നിയമപരമായി തന്നെ നേരിടും. ഇതുകൊണ്ടൊന്നും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് പുന:പരിശോധിക്കില്ലന്നും ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ പകപോക്കലിനെതിരെ ഉയരുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം മുന്നറിയിപ്പു നല്‍കി.

സോളാര്‍ ‘ നായിക’സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ മുന്‍ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും സരിതയുടെ മൊഴി നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഒരു പരാതിയില്‍ നിരവധി പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാന്‍ കഴിയില്ലന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് നടപടി മരവിക്കാന്‍ കാരണമായി.

തുടര്‍ന്ന് പ്രത്യേകം പരാതികളുമായി സരിത സൗത്ത് സോണ്‍ എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.

സംസ്ഥാന കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.നിയമപരമായി നേരിടുമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും സ്ത്രീപീഢനമായതിനാല്‍ അറസ്റ്റുണ്ടായാല്‍ അകത്ത് കിടക്കേണ്ടി വരുമെന്നത് നേതാക്കളെ പരിഭ്രാന്തരാക്കുന്നതാണ്. പിണറായി വിജയനാണ് മുഖ്യമന്ത്രി എന്നതിനാല്‍ ഒരു വിട്ടുവീഴ്ചയും പൊലീസ് നടപടിയില്‍ പ്രതിപക്ഷം പ്രതീക്ഷിക്കുന്നില്ല.

അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണെങ്കിലും ഇതുവരെ യു.ഡി.എഫ് ഭരണത്തില്‍ തന്ത്രപ്രധാന പോസ്റ്റുകളില്‍ നിയമനം നല്‍കാതെ മാറ്റി നിര്‍ത്തിയ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി അനില്‍ കാന്തില്‍ നിന്നും അനുകൂല നിലപാട് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, നേരത്തെ അനില്‍കാന്തിന് കീഴില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ ജി ദിനേന്ദ്ര കശ്യപിനെ മാറ്റി പകരം എസ്.പി അബ്ദുള്‍ കരീമിനാണ് പുതിയ ചുമതല.

പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം മാത്രമാണ് ക്രമസമാധാന ചുമതലയില്‍ അനില്‍കാന്തിന് നിയമനം ലഭിച്ചത്.മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് , ലോകസഭ തിരഞ്ഞെടുപ്പ് എന്നിവ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പീഢന കേസ് വലിയ വെല്ലുവിളിയാണ് യു.ഡി.എഫിന് മുന്നില്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Top