അറന്നൂറ് മിന്നലാക്രമണം വരെ നടത്തിയെന്ന് പറയും; കോണ്‍ഗ്രസിനെതിരെ മോദി

സികാര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തെ ആദ്യം തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങളും മിന്നലാക്രമണം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ മിന്നലാക്രമണം കടലാസില്‍ ഒതുങ്ങിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. മിന്നലാക്രമണം നടത്തിയ തീയതികളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ആദ്യം മിന്നലാക്രമണത്തെ പരിഹസിക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എന്നാല്‍, ജനങ്ങള്‍ താന്‍ പറഞ്ഞത് വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തു. യു.പി.എ ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങള്‍ നടത്തിയെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് നാല് മാസങ്ങള്‍ക്കുമുമ്പ് അവകാശപ്പെട്ടത്. ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് മറ്റൊരു നേതാവ് ഇപ്പോള്‍ പറയുന്നു. തിരഞ്ഞെടുപ്പിനുശേഷം മിന്നലാക്രമണം സംബന്ധിച്ച കോണ്‍ഗ്രസിന്റെ അവകാശവാദം 600 ആയി ഉയരും. എന്നാല്‍ അവയെല്ലാം കടലാസില്‍ മാത്രമാവും ഉണ്ടാവുക. കള്ളം മാത്രമാണ് കോണ്‍ഗ്രസ് പറയുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു.

Top