എന്‍സിപിയില്‍ കണ്‍ഫ്യൂഷന്‍; ബിജെപി സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത?

മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. എന്‍സിപിയുടെ കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ പ്രധാന തലവേദന. ആരാണ് എന്‍സിപി എന്ന ചോദ്യമാണ് ഇതില്‍ പ്രധാനം. ശരത് പവാര്‍ പറയുന്ന എന്‍സിപിയും, അജിത് പവാര്‍ പറയുന്ന എന്‍സിപിയും ഇപ്പോഴും രണ്ടായിട്ടില്ല, എന്നാല്‍ ഒന്നായി തുടരുന്നുമില്ല. അമ്മാവന്‍ പവാര്‍ എന്‍സിപി മേധാവിയും, മരുമകന്‍ പവാര്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായും തുടരുന്നു.

കണ്‍ഫ്യൂഷന്‍ ആയോ? കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍. അജിത് പവാര്‍ തന്നെയാണ് ഇപ്പോഴും എന്‍സിപി നിമയസഭാ കക്ഷി നേതാവ്. പാര്‍ട്ടി എതിരാളി ജയന്ത് പട്ടേലിനെ പുതിയ നേതാവായി തെരഞ്ഞെടുത്ത വിവരം എന്‍സിപി മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിയെ അറിയിച്ചെന്നത് ശരിതന്നെ. എന്നാല്‍ സെക്രട്ടറി രാജേന്ദ്ര ഭഗവത് ഇതേക്കുറിച്ച് പറയുന്ന നിയമപ്രശ്‌നം ഇങ്ങനെ

‘എന്‍സിപി നിയമസഭാ കക്ഷി നേതാവായി ജയന്ത് പട്ടേലിനെ നിയോഗിച്ചതായി അവകാശപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് കത്ത് ലഭിച്ചു. എന്നാല്‍ ഈ തീരുമാനം സ്പീക്കറാണ് കൈക്കൊള്ളേണ്ടത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല’, സെക്രട്ടറി വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് പ്രോടേം സ്പീക്കറാണ്. ഇതിന് ശേഷം ഭൂരിപക്ഷം ഉറപ്പിച്ച ശേഷമേ സ്പീക്കറെ കണ്ടെത്താന്‍ സാധിക്കൂ.

ഇതോടെ അജിത് പവാര്‍ എന്‍സിപി അംഗങ്ങള്‍ക്ക് നല്‍കിയ വിപ്പിന് സാധുത തുടരും. ഫഡ്‌നാവിസ്അജിത് പവാര്‍ സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കും. അജിത് പവാറിന്റെ വിപ്പ് ലംഘിച്ച് മറുപക്ഷത്തിന് വോട്ട് ചെയ്താല്‍ അയോഗ്യതയിലേക്ക് നയിക്കാനും ഇടയുണ്ട്. ശരത് പവാറിന്റെ പരേഡില്‍ പങ്കെടുത്തെങ്കിലും പല എംഎല്‍എമാരും തന്റെ ആളുകള്‍ തന്നെയെന്ന് അജിത് പവാര്‍ ആവര്‍ത്തിക്കുന്നു. അമ്മാവന്‍ പവാറും, മരുമകന്‍ പവാറും ഇല്ലാതെ ഒരു സര്‍ക്കാരിനും മഹാരാഷ്ട്രയില്‍ ഇക്കുറി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതാണ് അതിലേറെ കണ്‍ഫ്യൂഷനായി തുടരുന്നത്.

Top