ഗെയില്‍ വിരുദ്ധസമരത്തെ തുടര്‍ന്ന് സംഘര്‍ഷം; 21 പേര്‍ റിമാന്‍ഡില്‍

മുക്കം: മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ നടന്നുവരുന്ന സമരത്തില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

നിര്‍ദിഷ്ട കൊച്ചിമംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ എരഞ്ഞിമാവിലാണ് സമരം നടക്കുന്നത്.

ഒരു മാസത്തോളമായി നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കുന്നതിനായി ബുധനാഴ്ച രാവിലെ വന്‍ പോലീസ് സാന്നിധ്യത്തില്‍ ഗെയില്‍ അധികൃതര്‍ എത്തിയപ്പോള്‍ സമരക്കാര്‍ തടഞ്ഞിരുന്നു. ഇതാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്.

ഗെയിലിന്റെ വാഹനത്തിന് നേരെ സമരക്കാര്‍ക്കിടയില്‍ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

Top