സംഘര്‍ഷം രൂക്ഷമാകുന്നു ; കശ്മീരില്‍ ഭീകര സംഘടനയ്ക്ക് രൂപം നല്‍കാന്‍ പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പുതിയ ഭീകരസംഘടനയ്ക്കു രൂപം നല്‍കാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

1990ല്‍ കശ്മീരില്‍ നടപ്പാക്കിയ തന്ത്രം വീണ്ടും പ്രയോഗിക്കുന്നതിനു പാക്കിസ്ഥാന്‍ തയാറായേക്കുമെന്നാണു മുന്നറിയിപ്പ്.ഹിസ്ബുല്‍ മുജാഹിദ്ദീന്‍ മുന്‍ കമാന്‍ഡര്‍ സാക്കിര്‍ മൂസയെ തലപ്പത്തുകൊണ്ടുവരുന്ന തരത്തിലുള്ള പദ്ധതികളാണു പാക്കിസ്ഥാന്‍ തയാറാക്കുന്നത്.

പാക്കിസ്ഥാന്‍ പുതിയ ഭീകരസംഘടനയ്ക്കു രൂപം നല്‍കാന്‍ ശ്രമിക്കുന്നുവെന്നത് അവര്‍ക്കൊരിക്കലും നിരസിക്കാനാകാത്ത സംഗതിയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

കശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് വിഘടനവാദികള്‍ക്കും പാക്കിസ്ഥാനുമെതിരായാണു മൂസ സംസാരിക്കുന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി മുസ്‌ലിംകള്‍ കൈകോര്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം മൂന്ന്, നാല് തീയതികളില്‍ ഐഎസ് പാതകയോടു സാമ്യമുള്ള പതാകയുമായി മുഖം മൂടി ധരിച്ച ഒന്‍പതു ഭീകരര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ ലഷ്‌കറെ തയിബ കമാന്‍ഡര്‍ സലാഹുദ്ദീന്‍ നിഷേധിച്ചിരുന്നു. ഐഎസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും അവരുടെ പതാക വീശുന്നവര്‍ അവ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക് എന്നിവരും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തെ എതിര്‍ക്കുന്നുണ്ട്.

തൊണ്ണൂറുകളില്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) എന്ന ഭീകരസംഘടന മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് ഈ സംഘടന പലതായി വഴിപിരിയുകയായിരുന്നു.

Top