അഗ്നിപർവ്വതം പോലെ പുകയുന്ന യു.ഡി.എഫ്, ഏത് നിമിഷവും പൊട്ടിത്തെറി ഉറപ്പ്

യു.ഡി.എഫ് ഇപ്പോള്‍, ഒരു അഗ്‌നിപര്‍വ്വതം പോലെയാണ് പുകയുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് സ്ഥിതി. യു.ഡി.എഫിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ്സിലും മുസ്ലിം ലീഗിലും കടുത്ത ഭിന്നതയാണുള്ളത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത ഇപ്പോള്‍ , സ്വന്തം പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര തര്‍ക്കമായും മാറി കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ ഭാവിയില്‍ ആശങ്കയുള്ള മുസ്ലീംലീഗിലെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് മാറണമെന്ന നിലപാട് സ്വീകരിച്ചതാണ്, ലീഗിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. ലീഗ് വോട്ട് ബാങ്കായ സമസ്ത നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് , ഒരു വിഭാഗം ഇടതു ബര്‍ത്തിനായി ശ്രമിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റുകള്‍ ഇത്തവണ ലഭിക്കില്ലന്ന് കണക്ക് കൂട്ടുന്ന കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും , മുസ്ലീം ലീഗിലെ കടുത്ത ഇടതുപക്ഷ വിരുദ്ധരുമാണ് , ലീഗിലെ ഇടതു അനുകൂലികള്‍ക്കെതിരെ അണിയറയില്‍ കരുക്കള്‍ നീക്കിയിരിക്കുന്നത്. പ്രധാനമായും പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗത്തെ പ്രതിരോധത്തിലാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് , കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണമെന്നാണ് , രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടെന്ന ആരോപണത്തിനു പിന്നില്‍, വലിയ ഗൂഢാലോചന ഉണ്ടെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചിരിക്കുന്നത്.ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും, വിടുന്ന പ്രശ്‌നമില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ ചിലരുണ്ടെന്നും, വ്യക്തമായ വിവരം ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം മുസ്ലീം ലീഗ് ചര്‍ച്ചചെയ്‌തെന്നും. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നുമാണ് , കുഞ്ഞാലിക്കുട്ടി പറയുന്നത്. സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കാനാണ്, ലീഗ് കുഞ്ഞാലിക്കുട്ടിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍, പി ജയരാജന്റെ പേരില്‍ നിന്ന് കൊലക്കുറ്റം ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് സൂചിപ്പിച്ച്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ടി പി ഹരീന്ദ്രനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്. തുടര്‍ന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും, ഈ ആരോപണം എറ്റുപിടിക്കുകയാണ് ഉണ്ടായത്. ആരോപണം ഗൗരവമുള്ളതാണെന്നായിരുന്നു സുധാകരന്‍ പ്രതികരിച്ചിരുന്നത്.കെ സുധാകരനുമായി എറെ അടുപ്പമുള്ള അഡ്വ ഹരീന്ദ്രന്റെ ഈ നടപടി , ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെ തന്നെയാണ് വല്ലാതെ ബാധിച്ചിരിക്കുന്നത്.

കെ സുധാകരന്റെ എല്ലാ കേസുകളും കൈകാര്യം ചെയ്തിരുന്നത് ഹരീന്ദ്രനാണ് എന്നതിനാല്‍, സുധാകരന്റെ അറിവോടെയാണ് ഈ ആരോപണമെന്നാണ് ലീഗ് സംശയിക്കുന്നത്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരായ ചില നേതാക്കള്‍ക്ക് , ഇക്കാര്യത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും , നേതൃത്വം കാര്യമായി തന്നെ പരിശോധന നടത്തുന്നുണ്ട്.കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചത് യു.ഡി.എഫിലെ എത്ര വലിയ പ്രമുഖനായാലും, വലിയ വില നല്‍കേണ്ടി വരുമെന്നാണ് ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ, കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. ആരോപണം ഉന്നയിച്ച വ്യക്തി , കെ.പി.സി.സി അദ്ധ്യക്ഷന്റെ അടുപ്പക്കാരനായതും , സുധാകരന്റെ പ്രസ്താവനയുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. ‘സുധാകരന്റെ പ്രതികരണത്തില്‍ ഉണ്ടായ പ്രശ്‌നം അദ്ദേഹം തന്നെ വിശദീകരിച്ചു’ എന്ന് കുഞ്ഞാലിക്കുട്ടി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും, അണിയറയില്‍ ഭിന്നത അതിരൂക്ഷമാണ്. ഇതാണ് സമീപനമെങ്കില്‍, യു.ഡി.എഫ് വിടാന്‍ ലോകസഭ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ലന്നു വരെ, ഒരു മുതിര്‍ന്ന ലീഗ് നേതാവ് തുറന്നടിച്ചിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസ്സിലും ഇപ്പോള്‍ കാര്യങ്ങള്‍ ആകെ പിടിവിട്ട അവസ്ഥയിലാണ് ഉള്ളത്. പല ചേരികളിലായാണ് നേതാക്കള്‍ നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷനും തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ്. ഒരോ നേതാക്കളും തോന്നുന്നതു പോലെ നിലപാട് പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍, സുധാകരന്‍ പ്രതികരിച്ചത് ശരിയായില്ലന്ന നിലപാടും മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ട് . ഇതിനിടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി , കാസര്‍ഗോഡ് എം.പി കൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.’വിനാശകാലേ വിപരീത ബുദ്ധി ‘ എന്നതാണ് സംസ്ഥാന പാര്‍ട്ടിയിലെ സ്ഥിതി എന്നതാണ് അദ്ദേഹത്തിന്റെ വാദം. ഒന്നര വര്‍ഷമായി പാര്‍ട്ടിയിലെ ഒരു തട്ടിലും പുനഃസംഘടന നടന്നിട്ടില്ലന്നും. ഇതിന് ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. വീഴ്ചയുടെ ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്നും, പാര്‍ട്ടി പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും, അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ മുരളീധരന്‍ , രമേശ് ചെന്നിത്തല എന്നീ നേതാക്കളും , സംസ്ഥാനത്തെ പാര്‍ട്ടിയുടെ പോക്കില്‍ അസംതൃപ്തരാണ്. ശശി തരൂരിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്ത് വന്നതോടെ, ആഭ്യന്തര ഭിന്നത കോണ്‍ഗ്രസ്സിനെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതിനിടെയാണ് ലീഗിന്റെയും അതൃപ്തിയും ഇപ്പോള്‍ കോണ്‍ഗ്രസ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ലീഗ് ഇല്ലാതെ ഒരടി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാത്തതിനാല്‍, കുഞ്ഞാലിക്കുട്ടി പിടിമുറുക്കിയാല്‍ , സാക്ഷാല്‍ സുധാകരന്‍ തന്നെ തെറിച്ചാലും, ഇനി അത്ഭുതപ്പെടേണ്ടതില്ല. അതു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.


EXPRESS KERALA VIEW

Top