എസ്.ഡി.പി.ഐയെ ചൊല്ലി ലീഗില്‍ കലഹം, തലമുറമാറ്റവും വേണമെന്ന് !

മുസ്ലീം ലീഗ് നേതൃത്വത്തെ തിരുത്തിക്കാന്‍ ഒടുവില്‍ യുവനേതാക്കള്‍ തന്നെ സംഘടിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കെ.എം ഷാജി എം.എല്‍.എ നേതൃത്വം നല്‍കുന്ന വിഭാഗമാണ് ലീഗ് നേതൃത്വത്തെ തിരുത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ നീക്കത്തിന് ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുമുണ്ട്.

എസ്.ഡി.പി.ഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ ലീഗ് നേതാവാണ് കെ.എം ഷാജി. സമാനമായ നിലപാട് കോണ്‍ഗ്രസ്സില്‍ പരസ്യമായി സ്വീകരിച്ചത് ആര്യാടന്‍ മുഹമ്മദാണ്. ഒറ്റപ്പെട്ട ഈ എതിര്‍പ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവെ ഈ പാര്‍ട്ടികളുമായി സഹകരിക്കാനുള്ള താല്‍പ്പര്യമാണ് യു.ഡി.എഫ് നേതൃത്വത്തിനുമുള്ളത്. തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി ധാരണയ്ക്കുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതൃത്വവുമായി ഈ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് കള്ളക്കളി പൊളിച്ചിരുന്നത്. രഹസ്യ ചര്‍ച്ചക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ ലീഗ് നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അന്ന് പാളിയത് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നടപ്പാക്കാനാണ് ലീഗിലെ പ്രബല വിഭാഗം ശ്രമിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

പാണക്കാട്ട് കുടുംബത്തിലെ ഇളം തലമുറയില്‍പ്പെട്ട യുവനേതാക്കള്‍ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളെ മാറ്റി നിര്‍ത്തണമെന്ന അഭിപ്രായമാണുള്ളത്. ഇവരെ ഉപയോഗപ്പെടുത്തി നേതാക്കളുടെ സഖ്യ നീക്കത്തെ പൊളിക്കാനാണ് യൂത്ത് ലീഗും ശ്രമിക്കുന്നത്. കര്‍ണ്ണാടകയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണ്. എസ്.ഡി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ചാണ് പി.കെ ഫിറോസ് രംഗത്തു വന്നിരിക്കുന്നത്. എസ്.ഡി.പി.ഐ, ബി.ജെ.പിയുടെ ‘വേവ് പാത്രത്തിലേക്കുള്ള’ വിഭവമാണെന്നാണ് ഫിറോസിന്റെ ആരോപണം. കേരളത്തില്‍ പരാജയപ്പെട്ടത് കര്‍ണാടകയില്‍ പരീക്ഷിക്കുകയാണ് എസ്.ഡി.പി.ഐ എന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.

ബാംഗ്ലൂരില്‍ കലാപത്തിന് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐയാണെന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവന, എസ്.ഡി.പി.ഐ നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. എസ്.ഡി.പി.ഐയുടെ കേരളത്തിലെ വളര്‍ച്ച ലീഗിന് ഭീഷണിയാണെന്നാണ് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നത്. അതു കൊണ്ട് തന്നെ അവരെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകണമെന്നതാണ് താല്‍പ്പര്യം. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും ഈ നിലപാട് തന്നെയാണുള്ളത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് ഇതിനെല്ലാം പാരയാകുന്നത്. എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും വോട്ടുകള്‍ ഭിന്നിപ്പിച്ചാല്‍ ലീഗിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഈ വിഭാഗത്തിന്റെ ന്യായീകരണം.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് വന്ന എസ്.ഡി.പി.ഐയുടെ ചരിത്രവും കുഞ്ഞാലിക്കുട്ടി പക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ – വെല്‍ഫയര്‍ പാര്‍ട്ടികളുടെ സാന്നിധ്യം യു.ഡി.എഫ് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുമുണ്ട്. അതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ധാരണക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തിനുമുള്ളത്.

എന്നാല്‍ ആര്യാടന്‍ മുഹമ്മദ് ഇക്കാര്യത്തില്‍ ഇപ്പോഴും ശക്തമായി ഉടക്കി നില്‍ക്കുകയാണ്. ആര്യാടന്റെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് മലപ്പുറത്ത് എന്തായാലും കോണ്‍ഗ്രസ്സിന് സ്വീകരിക്കാന്‍ കഴിയുകയുമില്ല. ഹൈന്ദവ വോട്ടുകള്‍ ഈ ധാരണമൂലം നഷ്ടപ്പെടുമെന്ന ആശങ്കയും കോണ്‍ഗ്രസ്സ് നേതൃത്വത്തെ അലട്ടുന്നുണ്ട്. എങ്കിലും ഒടുവില്‍ ലീഗ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകുക. മുസ്ലീം ലീഗില്ലാതെ ഭരണം സ്വപ്നം കാണാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല.

2021-ല്‍ ഭരണം ലഭിച്ചില്ലെങ്കില്‍ പിന്നെ ഒരവസരം യു.ഡി.എഫിന് ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ആരുമായി സഖ്യമുണ്ടാക്കിയായാലും ഭരണം പിടിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന്റെയും ലക്ഷ്യം. പരമാവധി സീറ്റുകള്‍ നേടി യു.ഡി.എഫില്‍ വിലപേശല്‍ വര്‍ദ്ധിപ്പിക്കാനാണ് മുസ്ലീം ലീഗും ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇത്തവണ അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദമാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇത് സ്വപ്നം കണ്ടു തന്നെയാണ് എം.പി സ്ഥാനം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടിയും മടങ്ങി വരാന്‍ ഒരുങ്ങുന്നത്. ലീഗിലെ മുനീര്‍ പക്ഷത്തെ ചൊടിപ്പിക്കുന്ന നീക്കം കൂടിയാണിത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തലമുറ മാറ്റം വേണമെന്ന നിലപാടാണ് മുനീര്‍ പക്ഷത്തിനുള്ളത്.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുമെന്നും അവര്‍ ശരിക്കും ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് എസ്.ഡി.പി.ഐ സഖ്യം പൊളിക്കാനും നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. യൂത്ത് ലീഗ് നേതാവിന്റെ ഇപ്പോഴത്തെ പ്രതികരണം പ്രസക്തമാകുന്നതും ഇവിടെയാണ്. അതേസമയം ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും ലഭിക്കില്ലെന്ന ചരിത്രം ഇത്തവണ തിരുത്തുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയിട്ടുള്ളതാണ്.

Top