ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്; ഇന്ത്യന്‍ കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലായിരുന്നു ചൈനയുടെ അക്രമം. ആക്രമണം നടന്നത് ഇന്നലെ രാത്രിയാണെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

കിഴക്കൻ ല‍ഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ്‌ കൊല്ലപ്പെട്ട കേണൽ. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്. സംഭവം വിശദീകരിക്കുന്നതിന് സൈന്യം രണ്ട് മണിക്ക് വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ – ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയർ, കേണൽ തലത്തിൽ ഇന്നലെയും ചർച്ച നടന്നെങ്കിലും പിൻമാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല.

യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്. ഇതിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചർച്ചയായിരുന്നു. ഇരുപ്രദേശങ്ങളിൽ നിന്നും പൂർണ പിൻമാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. പാംഗോങ് തർക്കവിഷയമായി തുടരുകയാണ്.

Top