ഹൈദരാബാദിൽ സംഘർഷം; പൊലീസ് ക്രയിൻ ഉപയോഗിച്ച് വൈഎസ് ശർമ്മിള ഇരുന്ന കാർ കെട്ടിവലിച്ചു

ഹൈദരാബാദ്: വൈ എസ് ആര്‍ തെലങ്കാന പാർട്ടിയുടെ സമരത്തിനിടെ ഹൈദരാബാദിൽ നാടകീയ രംഗങ്ങൾ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ നടന്ന സമരത്തിനിടെയാണ് സംഘർഷം. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും പാർട്ടി നേതാവുമായ വൈഎസ് ശർമിളയുടെ വാഹനം ക്രെയിൻ ഉപയോഗിച്ച് വലിച്ചു മാറ്റി. ശർമിള കാറിലിരിക്കെയാണ് പൊലീസ് നടപടി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ വസതിയായ പ്രഗതി ഭവനിലേക്ക് വൈ എസ് ആർ തെലങ്കാന പാർട്ടി ഇന്ന് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ച മാർച്ചിൽ പങ്കെടുക്കാൻ ശർമ്മിള എത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ. ശർമിളയെ തടഞ്ഞ പൊലീസ് കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നതോടെയാണ് ബലം പ്രയോഗിച്ച് ഡോർ തുറക്കാനുള്ള ശ്രമം ആരംഭിച്ചത്.

കമ്പും ലാത്തിയും ഉപയോഗിച്ച് തുറക്കാനായിരുന്നു ആദ്യത്തെ ശ്രമം. ഒടുവിൽ ക്രൈയിൻ എത്തിച്ച് കാറ് കെട്ടി വലിച്ചു കൊണ്ടു പോയി. കാറിനകത്ത് ശർമിളയും മറ്റു നേതാക്കളും ഇരിക്കെയായിരുന്നു കെട്ടി വലിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വാറങ്കലിൽ വച്ചും ശർമിളയുടെ പാർട്ടി പ്രവർത്തകരും ടിആർഎസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വർഷമാണ് ശർമിള വൈ എസ് ആർ തെലങ്കാന പാർട്ടി രൂപീകരിച്ചത്. ആറ് മാസമായി സംസ്ഥാനത്ത് പദയാത്ര നയിക്കുകയാണ് ശർമിള.

Top