ഹരിയാനയിലെ സംഘര്‍ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി, പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തില്‍ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. അതേസമയം, പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു.

അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.

ഘോഷ യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീകൊളുത്തി. ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ 2500ഓളം പേരാണ് ആരാധനാലയത്തില്‍ അഭയം തേടിയത്. ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top