ദോക് ലാം സംഘര്‍ഷം ; സുഷമാ സ്വരാജ് ഭൂട്ടാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാഠ്മണ്ഡു: ദോക് ലാമില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ദാംച്ചോ ദോര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി വിഷയങ്ങളും സിക്കിമിലെ ദോക് ലാമില്‍ ചൈനയുമായുള്ള തര്‍ക്കവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൈന്യം ദോക് ലാമിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധം അടുത്തെത്തി എന്ന തരത്തില്‍ ചൈനീസ് ഔദ്യോഗിക മാധ്യമവും അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറുന്നത്.

വളരെ അടുത്ത സുഹൃത്തും അയല്‍ക്കാരുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാല്‍, എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

ദക്ഷിണേഷ്യയിലും ദക്ഷിണപൂര്‍വ്വ ഏഷ്യയിലുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബി.ഐ.എം.എസ്.ടി.ഇസിയുടെ യോഗത്തിനായി നേപ്പാളിലെത്തിയതായിരുന്നു ഇരുവരും.

ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ബി.ഐ.എം..എസ്.ടി.ഇസി കൂട്ടായ്മയിലുള്ളത്.

Top