കോണ്‍ഗ്രസ്സില്‍ ഭിന്നത അതിരൂക്ഷം, ‘ഉണ്ട’ ഉയര്‍ത്തിയവരെയും ഉലച്ചു . . !

കേരളത്തില്‍ ‘ഉണ്ടയുടെ’ പിന്നാലെ പായുന്ന കോണ്‍ഗ്രസ്സിന്റെ നെഞ്ചിലേക്കാണിപ്പോള്‍ ‘ഉണ്ട’ ശരിക്കും തറച്ചിരിക്കുന്നത്.

ജയറാം രമേശ് ‘തിരനിറച്ചപ്പോള്‍’ വെടി പൊട്ടിച്ചതാകട്ടെ ജോതിരാദിത്യ സിന്ധ്യയാണ്.

മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ ദേശീയ മുഖങ്ങളുമാണ് ഈ രണ്ടു നേതാക്കളും. അതു കൊണ്ടു തന്നെ വലിയ ദേശീയ ശ്രദ്ധയാണ് ഇരുവരുടെയും പ്രതികരണങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സമീപന രീതി തന്നെ മാറണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്.നേതൃത്വത്തെയാണ് സിന്ധ്യ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഡല്‍ഹി ഫലം തന്നെ ഞെട്ടിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനത്ത് വാഷ് ഔട്ടായി പോയത് വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സിന് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടി, നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജയറാം രമേശ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. രാജി വയ്ക്കാന്‍ തയ്യാറാണെന്ന സന്ദേശം സോണിയയും നല്‍കി കഴിഞ്ഞു. എന്നാല്‍ ഒരു രാജിയില്‍ തീരുന്ന പ്രതിസന്ധിയല്ല, ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേരിടുന്നത്. നിലനില്‍പ്പിന് വേണ്ടി പോരാടേണ്ട അവസ്ഥയാണ് ആ പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്.

കാലം മാറി, രാജ്യവും മാറിയിരിക്കുന്നു എന്ന് ഇപ്പോഴാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നത്.നേതാക്കള്‍ ധാര്‍ഷ്ട്യം മാറ്റിവയ്ക്കണമെന്ന് ജയറാം രമേശിന് തുറന്ന് പറയേണ്ടി വന്നതും അതുകൊണ്ടാണ്.

അധികാരമില്ലാതിരുന്നിട്ടും മന്ത്രിമാരെ പോലെയാണ് പലരും പെരുമാറുന്നതെന്ന പരാതിയും, സിന്ധ്യക്കും ജയറാം രമേശിനുമുണ്ട്. ഇതു തന്നെയാണ് യഥാര്‍ത്ഥത്തില്‍, കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന പ്രതിസന്ധിയും.

ദേഹത്ത് വിയര്‍പ്പ് പൊടിയുന്ന ഒരു പ്രക്ഷോഭത്തിനും കോണ്‍ഗ്രസ്സ് ഇതുവരെ തയ്യാറായിട്ടില്ല. എ.സി റൂമിലിരുന്ന് പത്ര സമ്മേളനം നടത്തി പ്രതികരിക്കുക എന്നത് മാത്രമാണ് അവരുടെ പ്രധാന പണി.

കമ്യൂണിസ്റ്റുകളെ കണ്ടു പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചിട്ടും, തിരുത്താന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല.

ബി.ജെ.പിക്ക് ‘ബദല്‍’ കോണ്‍ഗ്രസ്സ് എന്ന വാദത്തിന്റെ മുനയാണ് ഡല്‍ഹിയില്‍ തകര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഉള്ളടക്കവും രീതിയും മാറണമെന്ന് നേതാക്കള്‍ക്ക് തോന്നിയതും അതുകൊണ്ടാണ്.

കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് ഡല്‍ഹിയില്‍ തകര്‍ത്തത് ആം ആദ്മി പാര്‍ട്ടിയാണ്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനത്താണ് ഈ ദയനീയ പരാജയം. ഇനി ഒരു തിരിച്ചുവരവ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും ഡല്‍ഹിയില്‍ പ്രതീക്ഷിക്കുന്നില്ല.

അഴിമതിയും നേതാക്കളുടെ തമ്മിലടിയുമാണ് ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര. എല്ലാക്കാലത്തും ഇത് ജനങ്ങള്‍ സഹിക്കുമെന്ന ധാരണയാണ് ഡല്‍ഹിയിലും പൊളിഞ്ഞിരിക്കുന്നത്.

കേവലം 4.27 ശതമാനം വോട്ട് മാത്രമാണ് സംപൂജ്യര്‍ക്ക് രാജ്യ തലസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ വികസനം കൊണ്ടാണ് കെജരിവാള്‍ നേരിട്ടിരിക്കുന്നത്. ഇതുപോലെ ഒരു വികസന ചരിത്രം ചൂണ്ടിക്കാണിക്കാന്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. അവര്‍ ‘മുടിപ്പിച്ച’ കണക്കുകള്‍ മാത്രമാണ്, ജനങ്ങള്‍ക്ക് മുന്നിലും തെളിഞ്ഞു വന്നിരുന്നത്.

നിലവില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും അവസ്ഥ വളരെ മോശമാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയിലെ പോര് തന്നെയാണ് പ്രധാന വില്ലന്‍. ഭരണത്തിലും ജനങ്ങള്‍ അസംതൃപ്തരാണ്. ആം ആദ്മി മോഡലിലേക്ക് പോയില്ലങ്കില്‍ ഈ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിനെ കൈവിടാനാണ് സാധ്യത.

മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും സര്‍ക്കാരുണ്ടാക്കിയതും കോണ്‍ഗ്രസ്സിന്റെ കേമത്തം കൊണ്ടല്ല, അവിടെ പ്രാദേശിക പാര്‍ട്ടികളാണ് നിര്‍ണായകമായത്.

കര്‍ണ്ണാടകയില്‍ ഭരണം പോയതും കയ്യിലിരിപ്പുകൊണ്ടാണ്. ജെ.ഡി.എസുമായി സഖ്യം തകരാന്‍ കാരണം തന്നെ, കോണ്‍ഗ്രസ്സ് നേതാക്കളാണ്.

നയിക്കാന്‍ കരുത്തനായ ഒരു നായകന്‍ പോലും കോണ്‍ഗ്രസ്സിന് ഇന്നില്ല. അതു കൊണ്ട് തന്നെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. പോഷക സംഘടനകളും നിര്‍ജീവമാണ്. കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം വെറും ചടങ്ങായി മാത്രമാണ് മാറിയിരിക്കുന്നത്.

പൗരത്വ വിഷയത്തില്‍ രാജ്യം അതു കണ്ടതുമാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമരം നടത്തിയത് ഇടതുപക്ഷമാണ്.

എസ്.എഫ്.ഐ മുതല്‍ സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളെല്ലാം ഏറെ സജീവമായിരുന്നു. കാമ്പസുകളില്‍ നിന്നും തെരുവുകളില്‍ വരെ അവര്‍ പ്രതിഷേധാഗ്‌നി തീര്‍ത്തു. കേരളം മുതല്‍ ഡല്‍ഹി വരെ ആ പ്രതിഷേധചൂട് കേന്ദ്രവും അറിഞ്ഞിട്ടുണ്ട്.

ഡല്‍ഹി ജെ.എന്‍.യു കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിനും ഇരയാക്കപ്പെട്ടു. എസ്.എഫ്.ഐ നേതാവ് ഐഷെ
ഘോഷിന്റെ തലയാണ് അക്രമികള്‍ അടിച്ച് പൊട്ടിച്ചിരുന്നത്.

ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും ചുവപ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നേതാക്കളെയെല്ലാം വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയിരുന്നത്.

പേരിന് സന്ദര്‍ശനം നടത്തി മടങ്ങുകയല്ലാതെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സ് ഇക്കാര്യത്തിലും തയ്യാറായിരുന്നില്ല. മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നും അകലാന്‍ ഇതും ഒരു പ്രധാന കാരണമാണ്.

കേരളത്തില്‍ ഇടതുപക്ഷം മനുഷ്യ മഹാ ശൃംഖല തീര്‍ത്തപ്പോള്‍, മനുഷ്യ ഭൂപടവുമായാണ് യു.ഡി.എഫ് വന്നത്. അതായത് കേന്ദ്രത്തിനെതിരെയല്ല, ഇടതുപക്ഷത്തിന് മറുപടി നല്‍കാനാണ് ഇതുവഴി പോലും, അവരും ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ 80 ലക്ഷം പേര്‍ പങ്കെടുത്ത മഹാ ശൃംഖലയോട് ‘മുട്ടിയ’ മനുഷ്യ ഭൂപടം, വലിയ ഒരു പരാജയം തന്നെയായിരുന്നു. പങ്കാളിത്വത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം, മഹാശൃംഖല തന്നെയാണ്.

ഭരണ പ്രതീക്ഷയില്‍ മാത്രം മുന്നോട്ട് പോകുന്ന യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നതും ഈ ജനമുന്നേറ്റമാണ്.

യോജിച്ച സമരത്തിന് പോകാതിരുന്നതാണ് അവര്‍ക്ക് വലിയ മണ്ടത്തരമായത്. ഇപ്പോള്‍ നേട്ടമെല്ലാം ഇടതുപക്ഷം ഒറ്റക്കാണ് കൊണ്ടു പോയിരിക്കുന്നത്.

പൗരത്വ വിഷയത്തില്‍ പാളിയത് ‘ഉണ്ടയില്‍’ തീര്‍ക്കാനാണ് ഇപ്പോള്‍ യു.ഡി.എഫ് ശ്രമിക്കുന്നത്. അതിനായി വെച്ച വെടി, ഉണ്ടയില്ലാ വെടിയായാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

പൊലീസിന്റെ തോക്ക് കാണാനില്ലെന്ന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്. സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ ഒരു തോക്കും കാണാതായിട്ടില്ല. എസ്എപിയുടെ അധീനതയിലാണ് 660 എണ്ണവുമുള്ളത്. 5.56 ഇന്‍സാസ് റൈഫിളില്‍ 616 എണ്ണമുണ്ട്. വിവിധ ബാറ്റാലിയനുകളില്‍ 44 എണ്ണവും ഭദ്രമാണ്. രേഖകള്‍ ഹാജരാക്കുന്നതില്‍ വന്ന വീഴ്ചയാണ് 25 റൈഫിള്‍ കാണാനില്ലെന്ന സിഎജി പരാമര്‍ശത്തിനിടയാക്കിയിരിക്കുന്നത്.

2005മുതല്‍ 2016വരെയുള്ള കാലയളവിലാണ് പൊലീസ് ചീഫ് സ്റ്റോറില്‍നിന്ന് 660 ഇന്‍സാസ് റൈഫിള്‍ എസ്എപിക്ക് നല്‍കിയിരുന്നത്. ആദ്യം 2005 ജൂണ്‍ 29ന് 500 റൈഫിളും അവസാനം 2016 ജൂണ്‍ ആറിന് പത്തെണ്ണവും നല്‍കുകയായിരുന്നു. 2007ല്‍ 60, 2011ല്‍ 80, 2014ല്‍ 10 എന്നിങ്ങനെയും തോക്ക് നല്‍കിയിരുന്നു. ഇതില്‍നിന്ന് 2005 ഡിസംബര്‍ ഒന്നിന് കെഎപി ഒന്നിന് 95 റൈഫിള്‍ കൈമാറിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ഇവ കൈമാറിയത്. പിന്നീട് കെഎപി മൂന്നിന് 335, കെഎപി അഞ്ചിന് 135, ഐആര്‍ ബറ്റാലിയന് 31 , സിറ്റി എആറിന് 20 എന്നിങ്ങനെയും റൈഫിള്‍ നല്‍കിയിട്ടുണ്ട്. കെഎപി അഞ്ചിന് കൈമാറിയ 135 റൈഫിള്‍ പിന്നീട് കെഎപി മൂന്നിനാണ് നല്‍കിയിരുന്നത്.

തിരുവനന്തപുരം സിറ്റി എആറിലേക്ക് കൊണ്ടുപോയ റൈഫിളുകള്‍, മടക്കിക്കൊണ്ടുവന്നതിന്റെ രേഖ ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് കാണിക്കാന്‍ വിട്ടതാണ് പിഴവായത്. ഇതോടെയാണ് 25 എണ്ണത്തിന്റെ കുറവുള്ളതായി സിഎജിക്ക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടിവന്നിരുന്നത്. ഇതാണിപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും മഹാ സംഭവമാക്കി ഉയര്‍ത്തികൊണ്ടുവന്നിരിക്കുന്നത്. ‘കാളപെറ്റെന്ന് കേട്ടമാത്രയില്‍ കയറെടുത്തതിന്’ സമാനമാണിത്.

യു.ഡി.എഫ് കാലത്ത് കാണാതായ ഉണ്ടയുടെ കണക്ക് തിരഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിലാവുക രമേശ് ചെന്നിത്തലയാണ്. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

Political Reporter

Top