ഹനുമാൻ ജയന്തി ആഘോഷം, ഡൽഹിയിലും സംഘർഷം; 10 പേർ അറസ്റ്റിൽ

ഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. ഇന്നലെ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു പ്രദേശവാസിക്കും എട്ട് പൊലീസുകാർക്കുമടക്കം ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ വെടിയേറ്റ സബ് ഇൻസ്‌പെക്ടറുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

മേഖലയിൽ ഇന്നലെ രാത്രിയോടെ തന്നെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. കൂടുതൽ സേനയെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ സംഘർഷ സാധ്യതയുള്ള മറ്റ് മേഖലകളിൽ പ്രത്യേക സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. അതേസമയം, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രഡൽഹി സർക്കാരുകൾ പരസ്പരം പഴിചാരൽ തുടരുകയാണ്.

കലാപം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യൽ സെല്ലിലെയും ഉദ്യോഗസ്ഥരുടെ 10 സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. അതേസമയം 2020ൽ കലാപം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ ചില ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളിക്കളഞ്ഞു. സമാധാനം നിലനിൽക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും പൊലീസ് പറഞ്ഞു.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് ഇന്നലെ ഡൽഹിയിൽ സംഘർഷങ്ങളുണ്ടായത്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോർട്ട്. സംഭവത്തെ അപലപിച്ച് ബിജെപി എംപി ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു.

Top