പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടൽ; റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സർക്കാർ

കൊച്ചി: മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലകൾ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങൾ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്‌.

സംസ്ഥാനത്ത് 248 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മലപ്പുറത്ത് ഏറ്റവും കൂടുതൽ ജപ്തി നടപടി ഉണ്ടായത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് പരാതി. എതിർപ്പുകളുടെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസുകൾ നാളെ ഹൈക്കോടതി പരിഗണിക്കും.

കോടതി നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പൊലീസ് സഹായത്തോടെ റവന്യു സംഘം നേതാക്കളും വീടും സ്ഥലവും ജപ്തി ചെയ്തിട്ടുണ്ട്. മിന്നൽ ഹർത്താലിൽ ഉണ്ടായ അഞ്ച് കോടി ഇരുപത് ലക്ഷം രൂപയുടെ നഷ്ടം സംഘടനയുടെയും നേതാക്കളുടെയും സ്വത്ത് കണ്ട് കെട്ടി ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

അതേസമയം, സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ ജപ്തിയില്‍ വ്യാപക പരാതികള്‍ ഉയരുകയാണ്. മലപ്പുറത്ത് ലീഗ് നേതാവിന് ജപ്തി നോട്ടീസ് നൽകിയെങ്കിൽ പാലക്കാട് കൊല്ലപ്പെട്ടയാളാണ് ജപ്തി പട്ടികയിലുള്ളത്. മിന്നൽ ഹർത്താൽ നടക്കുന്നതിന് അഞ്ച് മാസം മുൻപ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ എസ്ഡിപിഐ നേതാവ് സുബൈറിന്റെ വീട്ടിലാണ് ജപ്തി നോട്ടീസ് നൽകിയത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. 2022 ഏപ്രിൽ 15 നാണ് സുബൈറിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

 

Top