ഒമാനില്‍ 978 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 978 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 36 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

വ്യാഴാഴ്ച 392 പേര്‍ക്കും വെള്ളിയാഴ്ച 321 പേര്‍ക്കും ശനിയാഴ്ച 265 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പത്ത് പേരും വെള്ളിയാഴ്ച 12 പേരും ശനിയാഴ്ച 14 പേരും കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 2,96,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,79,892 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 3850 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

94.3 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 550 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളത് 232 പേരാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നു.

Top