കാടിറങ്ങിയെത്തിയ കടുവ നാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം, പിടികൂടാന്‍ വന്‍ സംഘം

വയനാട് : കുറുക്കന്മൂലയില്‍ കാടിറങ്ങിയെത്തിയ കടുവ ഇപ്പോഴും നാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം. പയ്യമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണ് ഉറപ്പിച്ചു.

ഇതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. കടുവയെ കണ്ടെത്തുന്നതിനായി വന്‍ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിംഗ് ടീം ഇന്ന് പകല്‍ നാട്ടില്‍ വിശദമായ തെരച്ചില്‍ നടത്തും. ഇതിനായി മുപ്പത് പേരടങ്ങുന്ന ആറ് സംഘത്തെയാക്കി തിരിച്ചാവും തെരച്ചില്‍ ആരംഭിക്കുക. രാവിലെ ഒമ്പത് മുതല്‍ കടുവയെ തേടി ഇവര്‍ ദൗത്യം ആരംഭിക്കും.

കടുവയെ കണ്ടെത്താനും, ഭയപ്പെടുത്തി തിരികെ വനത്തിലേക്ക് വിടുന്നതിനുമായി വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലേക്ക് കൊണ്ടു വരും.  നിരവധി വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. ജനരോഷം ഉയര്‍ന്നതോടെ കടുവയെ പിടിക്കാന്‍ വനം വകുപ്പ് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് കുറുക്കന്മൂലയിലെ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കുറുക്കന്മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയാണ് വളര്‍ത്ത് മൃഗങ്ങളെ പിടികൂടുന്നത്. കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാട്ടില്‍ വേട്ട നടത്തി ഇരയെ കീഴ്‌പ്പെടുത്താനുള്ള ആരോഗ്യമില്ലാത്തതാണ് കടുവ നാട്ടിലിറങ്ങാന്‍ കാരണം. മുറിവേറ്റതിനാല്‍ മയക്കുവെടി വച്ച്‌ കീഴ്‌പ്പെടുത്തുന്നതും ബുദ്ധിമുട്ടാവും.

Top