രഹസ്യമൊഴിയോ, പരസ്യമൊഴിയോ ? സുരേന്ദ്രനാണോ ഉദ്യോഗസ്ഥൻ . . . ?

ഹസ്യമൊഴി പരസ്യമായി പറഞ്ഞാൽ അത് എങ്ങനെയാണ് രഹസ്യമൊഴിയായി കണക്കാക്കാൻ പറ്റുക ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ കേരളമിപ്പോൾ തേടുന്നത്.സ്വപ്ന സുരേഷിനെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ മജിസ്‌ട്രേറ്റ് മുൻപാകെ കൊടുപ്പിച്ച മൊഴികളിലെ വിവരമെന്ന രീതിയിൽ, ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ അമ്പരിപ്പിക്കുന്നതാണ്.ഇത് സ്വപ്ന പറഞ്ഞതാണെങ്കിൽ അതിൽ ക്രിമിനൽ ഗൂഢാലോചന സംശയിക്കുക തന്നെ വേണം. കാരണം, മുൻപ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിൽ പറയാത്ത

കാര്യങ്ങൾ ഇപ്പോൾ പറയാനുണ്ടായ സാഹചര്യം എന്താണെന്ന് നാടിന് ബോധ്യപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച്  സ്വപ്നയുടെ പേരിൽ മുൻപ് ഒരു ശബ്ദരേഖ തന്നെ പുറത്ത് വന്ന സാഹചര്യത്തിൽ രാഷ്ട്രീയ പ്രേരിത നീക്കം തള്ളിക്കളയാൻ കഴിയുന്നതല്ല. രഹസ്യ മൊഴിയിൽ ഭരണഘടനാ പദവിയുള്ളയാൾ ഉണ്ടെന്ന് ചിലർ ആരോപിക്കുമ്പോൾ അത് ഭഗവാൻ്റെ പേരുള്ളയാണെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്. ഉദ്യേശിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തന്നെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തന്നെ മനസ്സിലാ കുന്നതാണ്.സുരേന്ദ്രൻ സാക്ഷാൽ ‘ഭഗവാൻ’ ആകത്തതിനാലും ബി.ജെ.പി നേതാക്കളല്ല സ്വപ്നയിൽ നിന്ന് മൊഴി എടുത്തത് എന്നതിനാലും, എങ്ങനെ ഈ വിവരം അറിഞ്ഞു എന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്.

ഇപ്പോൾ ഒരു പടി കൂടി കടന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചില മന്ത്രിമാർക്കും സ്വർണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്നും സ്പീക്കറുടെ ഇടയ്ക്കിടെയുള്ള വിദേശ യാത്രകളിൽ ദുരൂഹതയുണ്ടെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്. സ്വർണക്കടത്തുകേസിലും മറ്റ് അനുബന്ധ കേസുകളിലും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് പ്രധാനപ്പെട്ട ഗുണഭോക്താവെന്നും. ഇതിലൂടെ സർക്കാർ മഹത്വമേറിയ പദവികൾ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നതുമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ്റെ മറ്റൊരു ആരോപണം. അന്നം തരുന്ന കർഷകരുടെ കൈക്ക് തന്നെ കടിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെയാണ് മഹത്വമേറിയ പദവിയുടെ അന്തസ്സ് ആദ്യം സുരേന്ദ്രൻ ബോധ്യപ്പെടുത്തേണ്ടത്.

ഇന്ദ്രപ്രസ്ഥത്തിൽ വീണ കർഷകരുടെ കണ്ണീരാണ് ഉടൻ തുടച്ച് മാറ്റേണ്ടത്.ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനാണ് മോദി സർക്കാർ നിലവിൽ ശ്രമിക്കുന്നത്. ഭാരത് ബന്ദിനോടനുബന്ധിച്ച് കർഷക നേതാക്കളെയും പ്രതിപക്ഷ എം.പിമാരെയും ഉൾപ്പെടെ അറസ്റ്റ് ചെയ്തതും ഇതിൻ്റെ സൂചനയാണ്.കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിൻ്റെ ബുദ്ധി കേന്ദ്രം തന്നെ സി.പി.എമ്മിൻ്റെ കർഷക സംഘടനയായ കിസാൻസഭയാണ്. കേന്ദ്ര സർക്കാറിനെ പ്രകോപിപ്പിക്കുന്നതും അതാണ്. ഡൽഹിയിൽ ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രധാനികളും സിപിഎം-കിസാന്‍സഭ നേതാക്കളാണ്. കെ കെ രാഗേഷ് എംപി കിസാന്‍സഭ നേതാക്കളായ പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്തയെ അറസ്റ്റ് ചെയ്തത് ഗുജറാത്തില്‍ നിന്നാണ്.

കർഷകരോട് സമരം അവസാനിപ്പിച്ച് വീട്ടിൽ പൊയ്ക്കൊള്ളണമെന്ന മുന്നറിയിപ്പാണ് ഇതു വഴി കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.രാജ്യം ആരും തന്നെ, കാവി രാഷ്ട്രീയത്തിന് പതിച്ച് നൽകിയിട്ടില്ലാത്തതിനാൽ  ഈ ഭീഷണിയെയും അടിച്ചമർത്തലുകളെയും നേരിട്ട് കർഷകർ മുന്നോട്ട് പോകുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ നേരിട്ട രീതിയിൽ കർഷകരോട് പെരുമാറാൻ തുനിഞ്ഞാൽ അതിന് വലിയ വിലയാണ് കേന്ദ്ര സർക്കാർ കൊടുക്കേണ്ടി വരിക. ഒരു ഏകാധിപത്വ ശൈലിയിലേക്കാണ് മോദി ഇപ്പോൾ മാറി കൊണ്ടിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാറുകളെ അട്ടിമറിച്ചതും വ്യക്തമായ ‘അജണ്ട’ മുൻ നിർത്തി തന്നെയാണ്.

മുൻപ് ഗോവയിലും, കർണ്ണാടകയിലും, ഒടുവിൽ മധ്യപ്രദേശിലും ഈ അട്ടിമറി രാജ്യം കണ്ടതാണ്. കറൻസി കണ്ടാൽ ഓടി ചാക്കിൽ കയറാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ആർത്തിയാണ് കാവിക്ക് ഇതിനെല്ലാം വളമാകുന്നത്. ത്രിപുരയിലെ ഇടതുപക്ഷ സർക്കാറിനെ വീഴ്ത്തിയത് പേലും ഖദർ കാവിയണിഞ്ഞപ്പോയാണ്. ബംഗാളിൽ ഇടത് ഭരണത്തിൽ നിലം തൊടാതിരുന്ന ബി.ജെ.പിക്ക്, അവിടം വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരിക്കുന്നത് തൃണമൂൽ കോൺഗ്രസ്സാണ്. ഇനി സംഘ പരിവാറിൻ്റെ ലക്ഷ്യം കേരളമാണ്.ഇവിടെ കാവിയുടെ ചാക്കിൽ അബ്ദുള്ളക്കുട്ടിമാർ കയറും പക്ഷേ ഒറ്റ കമ്മ്യൂണിസ്റ്റു നേതാക്കളെയും കിട്ടുകയില്ല.സംസ്ഥാന ഭരണം പിരിച്ച് വിട്ടാൽ പോലും പൂർവ്വാധികം ശക്തിയോടെയാണ് ഇടതുപക്ഷം അധികാരത്തിൽ വരിക.

 

 

ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ തകർക്കാതെ, കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലന്ന് ബോധ്യമായതോടെയാണ് ആവനാഴിയിലെ അപകടകരമായ ആയുധം കേന്ദ്രമിപ്പോൾ പുറത്തെടുത്തിരിക്കുന്നത്. സി.പി.എം നേതാക്കളുടെ ഇമേജ് തകർത്ത് ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുകയാണ് തന്ത്രം. ഇതിനായാണ് കേന്ദ്ര ഏജൻസികളെയും വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ കേന്ദ്രത്തിൻ്റെ ഈ നീക്കങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് യു.ഡി.എഫാണ്.കെ. സുരേന്ദ്രൻ പറയുന്നത് ഏറ്റെടുത്ത് കടന്നാക്രമിക്കുന്നത് പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ്. സ്പീക്കർ, തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി കൊടുത്തതിലെ പക കൂടിയാണ് ചെന്നിത്തല കിട്ടിയ അവസരത്തിൽ സ്പീക്കർക്കെതിരെ തീർക്കാൻ ശ്രമിക്കുന്നത്.

ഇതെല്ലാം കേട്ട് കയ്യടിക്കുന്ന മുസ്ലീംലീഗുകാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. ചുവപ്പ് സൂര്യൻ അസ്തമിക്കുന്നതോടെ, കേരളത്തിൽ ‘അന്ധകാരമാണ് ‘ പരക്കാൻ പോകുന്നത്.ഇവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ കാവിയുടെ കൈ പൊങ്ങാത്തത്, കമ്യൂണിസ്റ്റുകൾ ഉള്ളത് കൊണ്ടാണ്. ജാതിക്കും, മതത്തിനും, വർഗ്ഗത്തിനും, നിറത്തിനും മീതെ മനുഷ്യനെ നോക്കി കാണുന്ന പ്രത്യേയശാസ്ത്രമാണത്. തെറ്റുകളും, വീഴ്ചകളും ഏത് വ്യക്തിക്കും പാർട്ടികൾക്കും പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ട് പോകുന്നതിലാണ് മിടുക്ക് കാട്ടേണ്ടത്. മറ്റേത് പാർട്ടിയേക്കാളും ഈ രീതി പിന്തുടരുന്ന പാർട്ടിയാണ് സി.പി.എം. അതു കൊണ്ട് കൂടിയാണ്, ഏത് പ്രതിസന്ധിയിലും കേരളം ചുവപ്പിനെ കൈവിടാതിരിക്കുന്നത്.

പിണറായി സർക്കാറിന് ഭരണ തുടർച്ചയുണ്ടായാൽ എല്ലാം തീർന്നു എന്ന് പ്രചരിപ്പിക്കുന്ന യു.ഡി.എഫുകാർ,പ്രസിദ്ധ നാസി വിരുദ്ധ പ്രവര്‍ത്തകനായ എമില്‍ മാര്‍ട്ടിന്‍ നീമൊളെറുടെ പ്രസിദ്ധമായ വരികൾ ഓർക്കുന്നത് നല്ലതാണ്.അത് ഇങ്ങനെയാണ്.‘ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു, ഞാന്‍ മിണ്ടിയില്ല കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നീട് അവര്‍ ജൂത്മാരെ തേടിയെത്തി അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ല. തുടര്‍ന്നവര്‍ ട്രേഡു യൂണിയര്‍ നേതാക്കളെ തിരക്കി വന്നു, ഞാന്‍ മിണ്ടിയില്ല കാരണം ഞാനൊരു ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നില്ല. ഇതിനു ശേഷം അവര്‍ വന്നത് കത്തോലിക്കന്മാരെ തേടിയായിരുന്നു, അപ്പോഴും ഞാന്‍ മിണ്ടിയില്ല. കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല .ഒടുവില്‍ അവര്‍ എന്നെ തന്നെ തേടിയെത്തി അപ്പോള്‍എനിക്കു വേണ്ടി ശബ്ദിക്കുവാന്‍ ആരും അവശേഷിച്ചിരുന്നില്ല’. നീമുള്ളറുടെ ഈ വരികള്‍ വര്‍ത്തമാനകാല കേരള ചരിത്രത്തിലും ഏറെ പ്രസക്തമാണ്

Top