ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു;സര്‍വ്വേ

Modi

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് അമേരിക്കന്‍ ഏജന്‍സിയായ പ്യൂ സര്‍വ്വേ ഫലം. ആളുകളില്‍ 27ശതമാനവും സാമ്പത്തിക വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തവരാണെന്ന് കമ്പനി വ്യക്തമാക്കുന്നു. 2017ല്‍ നടത്തിയ പഠനത്തില്‍ 83 ശതമാനം ആളുകളും ഇന്ത്യന്‍ സാമ്പത്തിക ക്രമത്തില്‍ തൃപ്തിയുള്ളവരായിരുന്നു. എന്നാല്‍ ഈ കണക്ക് 2018ല്‍ 56 ശതമാനമായി കുറഞ്ഞു.

ഇന്ധന വിലയില്‍ വന്ന മാറ്റവും രൂപയുടെ മൂല്യം തകര്‍ന്നതും ജിഎസ്ടിയും നോട്ട് നിരോധനവുമാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

പ്യൂ പഠനം നടത്തിയ മറ്റ് 27 രാജ്യങ്ങളിലെയും ആളുകള്‍ അവരുടെ സാമ്പത്തിക ക്രമത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ഈ തിരിച്ചടി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ക്രമത്തിലേക്ക് തിരിച്ചു വന്നു. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ജനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലയില്‍ തികഞ്ഞ ആത്മവിശ്വാസം കാണിക്കുന്നതായും പ്യൂ വെളിപ്പെടുത്തി.

66 ശതമാനം ആളുകളും തങ്ങളുടെ ഭാവി ജനത സുരക്ഷിത സാമ്പത്തിക ക്രമത്തില്‍ ജീവിക്കുമെന്ന് വിശ്വാസിക്കുന്നവരാണ്. 19 ശതമാനം ആളുകളും നേരെ വിപരീതമായാണ് ചിന്തിക്കുന്നത്. 20 വര്‍ഷം മുന്‍പുള്ള സാമ്പത്തിക സ്ഥിതിയേക്കാളും ഇന്നത്തേത് വളരെ മോശമാണെന്ന് 16 ശതമാനം ആളുകളും വിശ്വസിക്കുന്നു.

അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സ്വീകാര്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്യൂ സര്‍വ്വേ പറഞ്ഞിരുന്നു.

നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിയെങ്കിലും അത് പ്രധാനമന്ത്രിയുടെ സ്വീകര്യതയെ ബാധിച്ചിട്ടില്ലെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.

2014ല്‍ മോദി തരംഗം കാര്യമായി പ്രവര്‍ത്തിക്കുമെന്ന സര്‍വ്വേ ഫലം ഉയര്‍ത്തിക്കാട്ടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വന്നിരിക്കുന്ന പുതിയ ഫലം ബിജെപിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങളേക്കാള്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ തുറന്നു പറയുന്നവയാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്നും പ്യൂ സര്‍വ്വേ കണ്ടെത്തിയിരുന്നു.

Top