കോം ഇന്ത്യക്ക് പുതിയ ഭാരവാഹികൾ, ഗോപീകൃഷ്ണൻ രക്ഷാധികാരി

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസര്‍ഗോഡ് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബിനെയും ട്രഷററായി ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് അല്‍ അമീനും ജനറല്‍ സെക്രട്ടറി ഷാജന്‍ സ്‌കറിയയും സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനാണ് രക്ഷാധികാരി.

വൈസ് പ്രസിഡന്റായി സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത)വിനെയും ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓണ്‍ലൈന്‍) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

എക്‌സ്പ്രസ് കേരള, മറുനാടന്‍ മലയാളി, വണ്‍ ഇന്ത്യ, അഴിമുഖം ,സൗത്ത് ലൈവ്, ഈസ്റ്റ് കോസ്റ്റ്, ഇ വാര്‍ത്ത, കെ വാര്‍ത്ത , ഗ്രാമജ്യോതി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് തിരുവനന്തപുരത്ത് ചേര്‍ന്ന കോം ഇന്ത്യ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധമായി മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയ്ക്കും നിവേദനവും നല്‍കും.

സംഘടനയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 4comindia@gmail.com എന്ന ഇ-മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് കോം ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

Top