കോവിഡ് രോഗി കെഎസ്ആര്‍ടിസി ബസില്‍; കണ്ടക്ടറും യാത്രക്കാരും ക്വാറന്റീനില്‍

കോഴിക്കോട്: കോവിഡ് രോഗി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പശ്ചാത്തലത്തില്‍ കണ്ടക്ടറും യാത്രക്കാരും സ്വയം ക്വാറന്റീനില്‍. ഇന്നലെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും കണ്ണൂരിലേക്ക് പോയ ബസിലാണ് കോവിഡ് രോഗി സഞ്ചരിച്ചത്.

പാലക്കാട് തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് പരിശോധന ഫലം വരും മുന്‍പേ പുറത്തിറങ്ങിയത്.

ജൂണ്‍ 23-ന് മധുരയില്‍ നിന്നും സുഹൃത്തിനൊപ്പം കേരളത്തില്‍ എത്തിയ ഇയാള്‍ അന്നു മുതല്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ മുപ്പതിന് ഇരുവരും ആശുപത്രിയിലെത്തി കോവിഡ് പരിശോധനയ്ക്ക് വിധേയരായി. എന്നാല്‍ പരിശോധന ഫലം വരും വരെ കാത്തിരിക്കാതെ ഇയാള്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ സുഹൃത്തിന്റെ ബൈക്കിലാണ് ഇയാള്‍ വന്നത്. കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്നും കണ്ണൂരിലേക്കുള്ള ബസില്‍ കേറിയ ഇയാള്‍ക്ക് യാത്ര തുടങ്ങിയതിന് പിന്നാലെ കോവിഡ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു കൊണ്ടുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കോള്‍ ലഭിച്ചു.

ഇതിനോടകം ബസ് കൊയിലാണ്ടിയില്‍ എത്തിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് കൊയിലാണ്ടി പൊലീസും 108 ആംബുലന്‍സും സ്ഥലത്ത് എത്തുകയും രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കോഴിക്കോട് നിന്നും ബസ് പുറപ്പെടുമ്പോള്‍ അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പറയുന്നത്. ഇദ്ദേഹത്തേയും കോവിഡ് രോഗിയുടെ അടുത്തുള്ള സീറ്റുകളില്‍ ഇരുന്ന എട്ട് യാത്രക്കാരുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Top