ഒഡീഷ ട്രെയിനപകടത്തിൽ അനുശോചനം; താരങ്ങള്‍ കളിച്ചത് കറുത്ത ആം ബാന്‍ഡുമണിഞ്ഞ്

ലണ്ടന്‍: രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു ഒഡീഷ ട്രെയിനപകടം. ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 101 മൃതദേഹങ്ങള്‍ ആരുടെയാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ല.

ട്രെയിനപകടത്തിന് ശേഷം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍, ഇപ്പോഴത്തെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍, ഹസ്സന്‍ അലി എന്നിവരും ഇക്കൂട്ടത്തിലുണ്ടായിന്നു.

അപകടത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ വേദനയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങളും പങ്കുചേര്‍ന്നു. ഓവലില്‍ ഐസിസി ടെസ്റ്റ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത് കറുത്ത ആംബാന്‍ഡ് ധരിച്ചായിരുന്നു.

ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു.

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Top