ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുമാണ് അനുമതിയായി നല്‍കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹോട്ടലുകള്‍ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അന്‍പത് ശതമാനം സീറ്റിലാണ് അനുമതി.

നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നത് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമുണ്ടാകും. തിയേറ്ററിന്റെ പ്രശ്‌നം പ്രത്യേകമായി പരിഗണിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ആദ്യഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള കാരണം.

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top