കുട്ടിയെ കണ്ടെത്താന്‍ വൈകുന്നതില്‍ ആശങ്കയുണ്ട്, അന്വേഷണം ശരിയായ ദിശയില്‍; ബാലാവകാശ കമ്മീഷന്‍

കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷന്‍. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താന്‍  വൈകുന്നതില്‍  ആശങ്കയുണ്ടെന്നും കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും  ബാലാവകാശ  കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍  കെ വി മനോജ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. നിലവില്‍ വളരെ കുറവ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പര്‍ജന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡി ഐ ജി നിശാന്തിനി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും കൊല്ലത്ത് തുടരുകയാണ്.

ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നുമില്ല. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്.

Top