പാണക്കാട്ടെ ‘കണക്കു കൂട്ടലുകള്‍’ കളമശ്ശേരിയില്‍ തെറ്റുമെന്ന് ആശങ്ക

റണാകുളം ജില്ലയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കളമശ്ശേരി. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത്തവണ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ചുവപ്പിന് അനുകൂലമാണ്. സിറ്റിംഗ് എംഎല്‍എ ഇബ്രാഹിം കുഞ്ഞിനെതിരായ പാലാരിവട്ടം പാലം അഴിമതി തന്നെയാണ് കളമശ്ശേരിയിലെ ഇടതിന്റെ പ്രധാന പ്രചരണായുധം. യു.ഡി.എഫ് ഭരണകാലത്ത് കുളമാക്കിയ പാലം പിണറായി ഭരണകാലത്ത് പുനര്‍നിര്‍മ്മിച്ച കാര്യവും സി.പി.എം പ്രവര്‍ത്തകര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.

2016ലെ തിരഞ്ഞെടുപ്പില്‍ 12118 വോട്ടുകള്‍ക്ക് ഇബ്രാഹിം കുഞ്ഞ് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി.രാജീവാണ് ഇടതുപക്ഷത്തിനു വേണ്ടി ജനവിധി തേടുന്നത്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ രാജീവ് കാഴ്ചവച്ച പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിന്റെ പ്രചരണായുധമാണ്. രാജ്യസഭയില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും അഭിനന്ദനം ലഭിച്ച രാജീവിനെ കളമശ്ശേരി ഒരിക്കലും കൈവിടില്ലെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്.

എറണാകുളം ജില്ലയില്‍ യു.ഡി.എഫ് ലീഗിന് അനുവദിച്ച ഈ സീറ്റില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂറാണ് രാജീവിന്റെ എതിരാളിയായി എത്തിയിരിക്കുന്നത്. ഗഫൂറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിജയ സാധ്യതയെ ബാധിച്ചു എന്നാണ് കോണ്‍ഗ്രസ്സും വിലയിരുത്തുന്നത്. യു.ഡി.എഫ് ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കലാപക്കൊടിയാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ മകന് കളമശേരി സീറ്റ് നല്‍കിയതിന്റെ പേരില്‍ മുസ്ലിംലീഗിലാണ് വന്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പാണക്കാട്ട് നേരിട്ടെത്തി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി മലപ്പുറത്ത് എത്തിയിരുന്നത്. ഇതിനു തൊട്ടു മുന്‍പ് കളമശേരിയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ മാറ്റണമെന്ന പ്രമേയവും ലീഗ് വിമത വിഭാഗം അവതരിപ്പിക്കുകയുണ്ടായി. ഗഫൂറിന് പകരം മങ്കട എംഎല്‍എയും കളമശേരി സ്വദേശിയുമായ അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് വിമത വിഭാഗത്തിന്റെ ആവശ്യം. 18 അംഗ ജില്ലാ കമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തതിനാല്‍ ഇത് ഔദ്യോഗിക യോഗം തന്നെയായാണ് വിലയിരുത്തപ്പെടുന്നത്. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷക സംഘടനകളിലെ 500 ഓളം പേരും ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരേ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.

അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്‍പ്പിക്കാനായി പ്രചാരണം നടത്തുമെന്നതാണ് വിമതര്‍ നേതൃത്വത്തിനു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതോടെ ‘ചെകുത്താനും കടലിനും’ ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വമുള്ളത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ പുതുതായി വരുന്ന സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഇബ്രാഹിം കുഞ്ഞും സംഘവുമാണ് രംഗത്തിറങ്ങാന്‍ പോകുന്നത്. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. തര്‍ക്കം ഒഴിവാക്കാന്‍ കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കണമെന്നതാണ് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നത്. കളമശ്ശേരിക്കു പുറമെ തിരൂരങ്ങാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

മുസ്ലീംലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇടതുപക്ഷവും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. ഈ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിനെതിരെ വ്യാപകമായ പ്രതിഷേധമാണുള്ളത്. കളമശ്ശേരി മോഡല്‍ കടുത്ത നീക്കങ്ങള്‍ ഈ മണ്ഡലങ്ങളിലും ഉണ്ടായാല്‍ അത് ലീഗിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടാക്കുക.

 

Top