സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ പര്യായം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ശങ്കരയ്യയുടെ വിയോഗം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി. നിസ്വാര്‍ത്ഥവും ചരിത്രപരവും ത്യാഗനിര്‍ഭരവുമായിരുന്നു എന്‍ ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ വേണ്ട പ്രചോദനം നല്‍കുന്നതായിരുന്നു അത്. ഉന്നതവിദ്യാഭ്യാസം അപൂര്‍ണ്ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയതു മുതല്‍ക്കിന്നോളം വ്യക്തിതാത്പര്യത്തിനു മേലെ പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചതായിരുന്നു സ. ശങ്കരയ്യയുടെ ജീവിതം. 1964 ല്‍ സി പി ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ അവശേഷിച്ച രണ്ടുപേരില്‍ ഒരാളായിരുന്നു ശങ്കരയ്യ.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാര്‍ഗനിര്‍ദ്ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു. സ. ശങ്കരയ്യയെപ്പോലെ, പാര്‍ട്ടിയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത സഖാക്കള്‍ ഉണ്ടാക്കിയെടുത്ത ശക്തമായ അടിത്തറയിലാണ് പില്‍ക്കാലത്തു ഞങ്ങളെപ്പോലുള്ളവര്‍ പ്രവര്‍ത്തിച്ചത്.

പാര്‍ട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങള്‍ എക്കാലവും ആ സഖാവിന്റെ മഹത്തായ സംഭാവനകള്‍ക്കൊപ്പം സ്മരിക്കപ്പെടും. പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. സി പി ഐ എം തമിഴ്നാട് സംസ്ഥാന കമ്മറ്റിയേയും സഖാവിന്റെ കുടുംബത്തേയും ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Top