അഴിമതിക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രം; 15 ഉദ്യോഗസ്ഥര്‍ക്കുകൂടി നിര്‍ബന്ധിത വിരമിക്കല്‍

ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള നടപടികള്‍ വീണ്ടും ശക്തമാക്കി മോദി സര്‍ക്കാര്‍. ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് പുറമേ പരോക്ഷ നികുതി കസ്റ്റംസ് വിഭാഗത്തിലെ 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

വിവിധ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അമ്പത് വയസ് പൂര്‍ത്തിയായ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്കെതിരേയും സമാന നടപടിയുണ്ടായിരുന്നു.ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56 (ജെ) വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്തുസമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയില്‍ ആരോപണവിധേയരോടും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം നേരത്തേ വിരമിക്കാന്‍ നിര്‍ദേശിച്ചത്. ഇതേ വകുപ്പ് തന്നെയാണ് ഇപ്പോഴും പ്രയോഗിച്ചത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്(സി.ബി.ഐ.സി.) വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്കെതിരെയാണ് ഇത്തവണത്തെ നടപടി.

പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ അനൂപ് ശ്രീവാസ്തവയാണു വിരമിക്കേണ്ടവരില്‍ പ്രമുഖന്‍. ക്രിമിനല്‍ ഗൂഢാലോചനയും കൈക്കൂലിയുമാണു സിബിഐ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പീഡനം, പിടിച്ചുപറി, സര്‍ക്കാര്‍ വസതി ഒഴിയാതിരിക്കല്‍, അനധികൃത സ്വത്തുസമ്പാദനം എന്നീ ആരോപണങ്ങളുമുണ്ട്. കമ്മിഷണര്‍ അതുല്‍ ദിക്ഷിതിന് എതിരെയും രണ്ട് സിബിഐ കേസുണ്ട് തട്ടിപ്പിനും അനധികൃത സമ്പാദ്യത്തിനുമാണ് കേസ്.

സന്‍സാര്‍ ഛന്ദ്, ജി.ശ്രീഹര്‍ഷ, വിനയ് ബ്രിജ് സിങ്, അശോക് ആര്‍ മഹിദ, വിരേന്ദ്രകര്‍ അഗര്‍വാള്‍, അംമരേഷ് ജെയിന്‍, നളിന്‍ കുമാര്‍, എസ്.എസ്.പബന, എ.എസ്.ബിഷ്ത്, വിനോദ് കുമാര്‍ സംഗ, രാജു ശേഖര്‍, അശോക് കുമാര്‍ അസ്വാള്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവര്‍.

Top