ശബരിമല സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിന്റെ മറവില്‍ തട്ടിയത് കോടികള്‍

തിരുവനന്തപുരം: ശബരിമല സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തല്‍. നവീകരണത്തിന്റെ മറവില്‍ പൊലീസ് തലപ്പത്ത് വര്‍ഷങ്ങളായി നടക്കുന്ന ക്രമക്കേടുകളാണ് ഇന്നലെ സഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് കെല്‍ട്രോണ്‍ പുറം കരാര്‍ നല്‍കിയെന്നാണ് സിഎജി നല്‍കുന്ന സൂചന.

പൊതുമേഖലാ സ്ഥാപനമെന്ന ലേബലില്‍ കെല്‍ട്രോണിനെ നിര്‍ത്തിയാണ് കോടികള്‍ തട്ടിയതെന്നാണ് കണ്ടെത്തല്‍. 2017ല്‍ 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെല്‍ട്രോണ്‍ നല്‍കിയ വിശദമായ പ്രോജക്ടട് റിപ്പോര്‍ട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെല്‍ട്രോണ്‍ നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തി.

ഗുണനിലവാരമുള്ള സാധനങ്ങളാണ് നല്‍കുന്നതെന്ന കെല്‍ട്രോണിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണിന് തന്നെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കി. ഉത്സവ സീസണ്‍ കഴിയാറായപ്പോഴാണ് പല സുരക്ഷ ഉപകരണങ്ങളും കെല്‍ട്രോണ്‍ നല്‍കിയത്. ഇതുവഴി 1.50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തല്‍.

Top