സഹകരണ മേഖലയില്‍ സമഗ്ര നിയമ നിര്‍മ്മാണം നടപ്പാക്കും; മന്ത്രി വി എന്‍ വാസവന്‍

VNVASAVAN

കോഴിക്കോട്: സഹകരണ മേഖലയില്‍ സമഗ്ര നിയമ നിര്‍മ്മാണം നടപ്പാക്കുമെന്ന് സഹകരണ റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയില്‍ സഹകാരികളുടെ പങ്കാളിത്തത്തോടെ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര നിയമ നിര്‍മ്മാണം നടത്തുക. സഹകരണ മേഖലയില്‍ നിരവധി പദ്ധതികളാണ് ഇതിനകം നടപ്പാക്കിയത്.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ 75 കോടിയില്‍പരം രൂപ പലിശ രഹിത വായ്പയായി നല്‍കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ 73 .18 കോടി രൂപ നല്‍കി .പത്ത് വനിതാ സഹകരണ സംഘങ്ങള്‍ക്ക് സംരംഭകത്വം തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കാനായിരുന്നു ഈ പദ്ധതി.

കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ പഴയന്നൂരില്‍ 40 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട് കൈമാറ്റത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. വായ്പാ കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി പരമാവധി ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയും കൂടുതല്‍ വായ്പക്കാര്‍ക്ക് കുടിശിക അടച്ചു തീര്‍ക്കാന്‍ അവസരം ഒരുക്കി.

സഹകരണ മേഖലയിലെ ആശാസ്യകരമല്ലാത്ത പ്രവണതകള്‍ തടയാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസില്‍ നിന്നും അക്കൗണ്ടന്റ് ജനറല്‍ വിഭാഗത്തില്‍ പെടുന്ന ഉന്നത ഉദ്യോഗസ്ഥന്റെ സേവനം സഹകരണ ഓഡിറ്റിന് ലഭ്യമാക്കും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് വിഭാഗമായിരിക്കും ഇനി ഓഡിറ്റിംഗിന് നേതൃത്വം നല്‍കുക.

ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവന്‍ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിശ്ചിത കാലയളവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും താലൂക്ക് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

ക്ഷീരകര്‍ഷക സംഘ മേഖലയിലും പരിഷ്‌ക്കരണ നടപടി ആരംഭിക്കും. യഥാര്‍ഥ ക്ഷീരകര്‍ഷകര്‍ക്ക് മാത്രം ഇനി അംഗത്വം ഉണ്ടാവുകയുള്ളു. സ്ത്രീകള്‍ക്ക് കൂടുതല്‍ മുന്‍ഗണനയും പ്രധാന്യവും ഈ മേഖലയില്‍ നല്‍കും. കേരള ബാങ്ക് ലാഭകരമായിട്ടാണ് മുന്നോട്ടു പോകുന്നത് ജനതാല്‍പര്യമനുസരിച്ചാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തിയും, നിയമപരമായും നേരിടും. സഹകരണ മേഖലയിലെ അഴിമതി തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Top