തൃശ്ശൂരില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്ല; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചേക്കാം

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുമ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം തത്കാലം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനാണ് നീക്കം. പൊതുസ്ഥലങ്ങളില്‍ അടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും.

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്നും എംപി ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ 12 ഡിവിഷനുകളിലും ഇതിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ചുമട്ടുതൊഴിലാളികള്‍ക്കു രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെനിന്നു മാത്രം നിരീക്ഷണത്തില്‍ പോയത്.ഈ സാഹചര്യത്തില്‍ ഗോഡൗണ്‍ അടച്ചിട്ടുണ്ട്.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത കുറച്ച് ദിവസങ്ങളില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പി.കെ. ശ്രീജ അറിയിച്ചു. ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ ഒരു രോഗിയെയും ചികിത്സിക്കില്ല. മറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ മെയിന്‍, സോണല്‍ ഓഫീസുകളിലേയ്ക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും.

കോര്‍പ്പറേഷന്‍ കോമ്പൗണ്ടിലേയ്ക്ക് കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മുന്‍വശത്തുള്ള പ്രധാന ഗേറ്റുകളില്‍ക്കൂടി പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. അഴീക്കോടന്‍ രാഘവന്‍ റോഡില്‍ നിന്നുള്ള ഗേറ്റില്‍ക്കൂടി മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകൂ.

ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിസമയങ്ങളില്‍ അടിയന്തര ചികിത്സ വേണ്ട മൃഗങ്ങളെ മാത്രമേ പരിശോധിക്കൂ.

ജില്ലയില്‍ ഇതുവരെ 204 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 50 പേര്‍ക്ക് രോഗം ഭേദമായി.മൂന്നു പേര്‍ മരിക്കുകയും ചെയ്തു.
നിലവില്‍ ചികില്‍സയില്‍ കഴിയുന്ന 151 പേരില്‍ ഒരാളുടെ നില ഗുരുതരവുമാണ്.

Top