സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. രാത്രികാല കര്‍ഫ്യൂവും തുടരും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.

ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങള്‍ സമയക്രമവും കോവിഡ് പ്രോട്ടോകോളും കര്‍ശനമായി പാലിക്കേണ്ടതാണ്. അതേസമയം ഇനി സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

കൂടാതെ, ക്വാറന്റീന്‍ ലംഘിക്കുന്ന കൊവിഡ് രോഗികള്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ത്തന്നെ കഴിയാന്‍ സഹായകരമായ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. ക്വാറന്റീല്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാനും പോലീസ് നടപടി സ്വീകരിക്കും.

 

Top