ഗോവയില്‍ മെയ് ഒമ്പതു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മെയ് 9 മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 15 ദിവസത്തേക്കാണ് നിയന്ത്രണം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കാത്തതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒന്നുവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു.ഹോം ഡെലിവറി സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രമെ ഹോം ഡെലിവറി സര്‍വ്വീസുകള്‍ അനുവദിക്കുകയുള്ളു. വിവാഹമുള്‍പ്പെടെ ആളുകള്‍ കൂടുന്ന എല്ലാവിധ ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്.

ഗോവയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സാവന്ത് അറിയിച്ചു.

 

Top