കൗണ്‍സിലിംഗിനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; യുവ വൈദികന്‍ അറസ്റ്റില്‍

വയനാട്: കൗണ്‍സിലിംഗിനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവ വൈദികന്‍ അറസ്റ്റില്‍. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ ആണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വര്‍ഗ്ഗീസ്.

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് വൈദികന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെ കമ്പളക്കാട് സി ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു.

ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും തമ്മില്‍ കൂടുതല്‍ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി.

യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

Top