മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നല്‍കിയത്. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍. മന്ത്രി നേരിട്ടത് പരസ്യമായ അവഹേളനമാണെന്നും വിമര്‍ശനം.

സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബിനും പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണന്‍ ജാതിവിവേചനം നേരിടുക മാത്രമല്ല, പൊതുമധ്യത്തില്‍ അവഹേളിക്കപ്പെട്ടു. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.

തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് മൊഴിയായി കണക്കാക്കി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ജാതിവിവേചനം നേരിട്ടതിനെക്കുറിച്ച് പറഞ്ഞത്. ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല.

വിളക്കു കത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ ആ വേദിയില്‍ വ്യക്തമാക്കിയിരുന്നു.

Top