ധോനിയെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി തിരഞ്ഞെടുത്തതിനു പിന്നാലെ ധോനിയുടെ നിയമനത്തിനെതിരെ ബിസിസിഐക്ക് പരാതി. മുന്‍ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് ധോനിയുടെ നിയമനത്തിനെതിരെ ബിസിസിഐ ഉന്നതാധികാര സമിതിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ് അടക്കമുള്ള ഒട്ടേറെ താരങ്ങള്‍ക്കെതിരേ നേരത്തേയും ഭിന്നതാത്പര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയ വ്യക്തിയാണ് സഞ്ജീവ് ഗുപ്ത. ഇന്ത്യന്‍ ക്രിക്കറ്റിനെ നവീകരിക്കാന്‍ നിയോഗിക്കപ്പെട്ട ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കെതിരാണ് ധോനിയുടെ നിയമനമെന്നാണ് പരാതി.

ബി.സി.സി.ഐ ഭരണഘടനയനുസരിച്ച് ഒരംഗത്തിന് ഒരേസമയം ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കാനാവില്ല. ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ധോനി ദേശീയ ടീമിന്റെ ഉപദേശകനാകുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നാണ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

പരാതി ലഭിച്ച കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിസിഐ ഭരണഘടനയുടെ 38(4) വകുപ്പിന്റെ ലംഘനമാണ് ധോനിയുടെ നിയമനമെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top