തൃശൂരില്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെണ്‍കുട്ടിയെ കടത്തിയതായി പരാതി

തൃശൂര്‍ : തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച് പെണ്‍കുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്ന് ഉച്ചയോടെയാണ് സിനിമാ സ്‌റ്റൈലില്‍ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെണ്‍കുട്ടിയെയും യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സ്റ്റേഷനിലുള്ളിലെ ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

റയില്‍വെ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയര്‍ കുപ്പി ചൈല്‍ഡ് ലൈന്‍ അംഗങ്ങളുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

പിന്നാലെ പെണ്‍കുട്ടിയ്‌ക്കൊപ്പം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാര്‍ അപായ ചങ്ങല വലിച്ചതോടെ ട്രെയിന്‍ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കുപ്പിച്ചില്ല് കൊണ്ട് ചൈല്‍ഡ് ലൈന്‍ അംഗത്തിന് വിരലിന് പരുക്കേറ്റു. ഇരുവരേയും കണ്ടെത്താന്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top