യുവാവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് പരാതി; നൂറനാട് പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ.

ആലപ്പുഴ: യുവാവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് പരാതി. കറ്റാനം സ്വദേശി സാലു സജിക്കെതിരെയാണ് വാഹനങ്ങള്‍ തകര്‍ത്തതിന് നൂറനാട് പൊലീസ് കേസെടുത്തത്. നൂറനാട് സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനങ്ങള്‍ തകര്‍ത്തതെന്നാണ് സജി പറയുന്നത്. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതായും പരാതിക്കാരന്‍ ആരോപിച്ചു. സ്റ്റേഷനില്‍ എത്തിച്ചതിനുശേഷവും മര്‍ദ്ദിച്ചെന്നും ഉറങ്ങാന്‍ അനുവദിച്ചില്ലെന്നും സാലു പറഞ്ഞു. കസ്റ്റഡിയിലെടുത്ത് 14 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്നും സാലുവിന്റെ പരാതിയില്‍ പറയുന്നു.

യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തില്‍ നൂറനാട് പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും ഡിവൈഎഫ്‌ഐ പരാതി നല്‍കി. പൊലീസ് അതിക്രമം നിരപരാധികള്‍ക്ക് മേല്‍ ചുമത്തി കേസെടുത്തുവെന്ന് ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Top