തലസ്ഥാനത്ത് വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി.
എബിവിപി നേതാവിനെ കാണാന്‍ നിര്‍ദേശിച്ചത് അവഗണിച്ചതാണ് മര്‍ദനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഒന്നാം വര്‍ഷം ഇക്കണോമിക്‌സ് വിദ്യാര്‍ഥി നീരജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് നീരജിനെ മര്‍ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്നൊരു വാട്‌സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് നീരജ് കോളേജില്‍ എത്തിയതാണ് സീനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ പകോപിപ്പിച്ചത്.

മര്‍ദിച്ച് വിവസ്ത്രനാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്. കാലിനും കഴുത്തിനും ഉള്‍പ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കോളേജ് അധികൃതരില്‍ പരാതിപ്പെട്ടാല്‍ പെണ്‍കുട്ടിയെകൊണ്ട് പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പാറശാല പൊലീസില്‍ വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്‍കി.

Top