‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പരാതി ; നയന്‍താരയുടെ പേരില്‍ കേസ്

ചെന്നൈ: നയന്‍താര നായികയായി എത്തിയ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതി. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്.

ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകന്‍ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കി ഉന്നയിക്കുന്നത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ 29-ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിട്ടുണ്ട്.

Top