മംഗലാപുരത്ത് ട്രെയിന്‍ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി

മംഗലാപുരം: ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നെത്തിയവരെ മംഗലാപുരം ടൗണ്‍ഹാളില്‍ തടഞ്ഞതായി പരാതി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂര്‍ മംഗളൂര്‍ ട്രെയിനില്‍ കേരളത്തില്‍ നിന്നും വന്ന യാത്രക്കാരെയാണ് കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്.

രോഗികള്‍ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ച് തടഞ്ഞിട്ടിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലെത്തിച്ച യാത്രക്കാരുടെ ശ്രവസാമ്പിള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഇവരെ പുറത്തുവിടൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കേരളാ അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന കര്‍ശനമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്. കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

Top