പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്തെ കോണ്‍ഗ്രസിലെ മുന്‍ എംഎല്‍എമാരും ചില നേതാക്കളും തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാതി. കെ പി സി സി നിയോഗിച്ച കെ എ ചന്ദ്രന്‍ കമ്മിഷന് മുന്നിലാണ് സ്ഥാനാര്‍ഥികളായിരുന്നവര്‍ പരാതിയുടെ കെട്ടഴിച്ചത്.

വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ബി ആര്‍ എം ഷഫീര്‍, നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്, കാട്ടാക്കട സ്ഥാനാര്‍ഥിയായിരുന്ന മലയിന്‍കീഴ് വേണുഗോപാല്‍, തിരുവനന്തപുരം സ്ഥാനാര്‍ഥിയായിരുന്ന വി എസ് ശിവകുമാര്‍, പാറശാല സ്ഥാനാര്‍ഥിയായിരുന്ന അന്‍സജിത റസല്‍ എന്നിവരാണ് കമ്മിഷന് മുന്നില്‍ പരാതി നല്‍കിയത്.

മുന്‍ എം എല്‍ എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ വര്‍ക്കല കഹാര്‍, പാലോട് രവി, എന്‍ ശക്തന്‍, എ ടി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായുള്ള പരാതി. അതേസമയം തിരുവനന്തപുരം നിയമസലഭ മണ്ഡലത്തില്‍ പരാജയത്തിന് കാരണക്കാരന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാറിന്റെ പരാതി. ജയിക്കാന്‍ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളില്‍ കാലുവാരി തോല്‍പിച്ചെന്നാണ് സ്ഥാനാര്‍ഥികള്‍ കമ്മിഷനെ അറിയിച്ചത്.

 

Top