പത്തനംതിട്ടയില്‍ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി. വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് കാണാതായത്. ഇന്നോവ കാറിൽ അഞ്ചംഗ സംഘമാണ് വീട്ടിലെത്തിയതെന്ന് അജേഷിന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സിൽവർ നിറത്തിലുള്ള ഇന്നോവ കാറിൽ എത്തിയ അഞ്ച് സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിർത്തി. രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി കതകിൽ തട്ടി. വാതിൽ തുറന്ന അച്ഛൻ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ അന്വേഷിച്ചു. തൃശ്ശൂരിൽ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന അജേഷ് കുമാറിനെ ഉണ്ണികൃഷ്ണനാണ് പുറത്തേക്ക് വിളിച്ചത്. അജേഷ്കുമാർ എത്തിയ ഉടൻ തന്നെ രണ്ട് പേർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘർഷത്തിനിടയിൽ അമ്മ താഴെ വീണു. അച്ഛൻ ഉണ്ണികൃഷ്ണൻ നായർ ആക്രമി സംഘമെത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ല് കൊണ്ട് കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടി തകർന്നിട്ടുണ്ട്.

അതിവേഗത്തിൽ ഒരു ഇന്നോവ കാർ പോകുന്നത് നാട്ടുകാരിൽ ചിലരും കണ്ടു. പക്ഷെ ആ സമയം ആരും സംഭവം അറിഞ്ഞിരുന്നില്ല. അജേഷിന്റെ വീട്ടിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞു. കോഴിക്കോട് രജിസ്ട്രേഷനിലുള്ളതാണ് വാഹനം. ഈ വാഹന ഉടമയെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാപ്പുഴ എസ്എച്ച്ഒ വിജയന്റെ നേതൃത്വലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അജേഷ് കുമാറുമായുള്ള ചില സാമ്പത്തിക ഇടപാടുകളാണ് തട്ടികൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റാണ് കാണാതായ അജേഷ് കുമാ‍ർ.

Top