പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചന.സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി കുറച്ച് ദിവസങ്ങളായി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. സിഡബ്ല്യുസി പെണ്‍കുട്ടിയില്‍ നിന്ന് മൊഴി എടുത്തു.

ഇന്‍സ്റ്റഗ്രാം വഴി താന്‍ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താന്‍ പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി മൊഴി നല്‍കി. തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രതികള്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സിഡബ്ല്യുസി പൊലീസില്‍ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.

Top